കേന്ദ്രത്തിന് ഒരുമുഴം മുൻപേ രേഖ ജുൻജുൻവാല; ഓഹരി വിറ്റൊഴിച്ച് ലാഭിച്ചത് 334 കോടി, എങ്ങനെ സാധിച്ചു? സെബിയെ പരിഹസിച്ച് മഹുവ മോയ്ത്ര

പണസമ്പാദനം ഉന്നമിടുന്ന ഓൺലൈൻ മണി ഗെയിമുകൾ കേന്ദ്രം പുതിയ നിയമം അവതരിപ്പിച്ച് നിരോധിക്കുന്നതിന് ആഴ്ചകൾക്കുമുൻപ് നസാറ ടെക്നോളജീസിലെ മുഴുവൻ ഓഹരികളും വിറ്റഴിച്ച പ്രമുഖ ഓഹരി നിക്ഷേപക രേഖ ജുൻജുൻവാലയുടെ നടപടി വൻ ചർച്ചയാകുന്നു. നസാറ ടെക്നോളജീസിൽ തനിക്കുണ്ടായിരുന്ന 61.8 ലക്ഷം ഓഹരികളാണ് ഒന്നിന് 1,225 രൂപയ്ക്കുവീതം രേഖ ജൂൺപാദത്തിൽ വിറ്റഴിച്ചത്. ഇതുവഴി 334 കോടി രൂപയും നേടി.ഇതിനുശേഷമാണ്, കഴിഞ്ഞവാരം കേന്ദ്രം ഓൺലൈൻ ഗെയിം നിരോധന ബിൽ പാസാക്കിയത്. ഈ രംഗത്തെ കമ്പനികളെല്ലാം അതോടെ പണമിടപാടുള്ള ഗെയിമുകൾ നിർത്തുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രം ബിൽ കൊണ്ടുവരുന്ന വിവരം രേഖ ജുൻജുൻവാല മുൻകൂട്ടി അറിഞ്ഞിരുന്നോയെന്ന വിമർശനങ്ങളാണ് ഉയരുന്നത്. ബിൽ വരുന്നതിന് മുൻപേ ഓഹരികൾ വിറ്റൊഴിഞ്ഞതിനാൽ, കനത്ത നഷ്ടം നേരിടുന്നതിൽ നിന്നാണ് രേഖ ‘രക്ഷപ്പെട്ടതും’.രേഖ ജുൻജുൻവാല ഓഹരി പൂർണമായി വിറ്റഴിക്കുകയും പിന്നാലെ കേന്ദ്രത്തിന്റെ നിയമം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തിൽ നസാറ ടെക്നോളജീസ് ഓഹരികൾ കനത്ത തകർച്ച നേരിട്ടിരുന്നു. ഇന്നും ഓഹരികൾ 11 ശതമാനത്തിലധികം ഇടിഞ്ഞ് 1,029 രൂപയിലാണ് ഉച്ചയ്ക്കത്തെ മുൻപുള്ള സെഷനിൽ വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിവില 26% ഇടിഞ്ഞു. ഈ മാസം 13ന് കുറിച്ച 1,453 രൂപയായിരുന്നു നസാറ ടെക് ഓഹരികളുടെ 52-ആഴ്ചയിലെ ഉയരം. അതിൽ നിന്നാണ് വൻ വീഴ്ച.25ലേറെ കമ്പനികളുടെ ഓഹരികളിലായി മൊത്തം 41,000 കോടിയോളം രൂപയുടെ നിക്ഷേപം റെയർ എന്റർപ്രൈസസിന് നിലവിലുണ്ട്. മികച്ച ഓഹരികളെ കൃത്യമായി കണ്ടെത്തി നിക്ഷേപിക്കാനും ലാഭമെടുക്കാനും രാകേഷിനുണ്ടായിരുന്ന വൈദഗ്ധ്യം തനിക്കുംപകർന്നു ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ നിക്ഷേപകയുമാണ് രേഖ.
Source link