WORLD

ക്ഷേത്രോത്സവത്തിൽ മുഴങ്ങിയത് ‘പുഷ്പനെ അറിയാമോ’, താളം പിടിച്ച് സിപിഎം നേതാക്കൾ; നടപടിയെടുക്കുമെന്ന് ദേവസ്വം


തിരുവനന്തപുരം ∙ കൊല്ലം കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും പിന്നിലെ സ്‌ക്രീനില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളുടെ ദൃശ്യം കാട്ടുകയും ചെയ്ത സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ പരിപാടിയോ ദേവസ്വങ്ങളില്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട്. അതു കൃത്യമായി നടപ്പാക്കി മാത്രമേ ദേവസ്വം ബോർഡ് മുന്നോട്ടുപോകൂ എന്നും പ്രശാന്ത് പറഞ്ഞു. ഉപദേശകസമിതികളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും അംഗങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എല്ലാവരും ഒറ്റക്കെട്ടായി ആചാരങ്ങള്‍ പാലിച്ച് മുന്നോട്ടുപോകണം. കടയ്ക്കലില്‍ ഉത്സവം നടത്തിയ ഉപദേശകസമിതിയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം ഉണ്ടായതെന്നാണ് അറിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് ഉപദേശകസമിതിക്കു നോട്ടിസ് കൊടുക്കാന്‍ നിര്‍ദേശിച്ചു. ദേവസ്വം വിജിലന്‍സിനെ അന്വേഷണത്തിനു നിയോഗിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് ആരുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായാലും നടപടി സ്വീകരിക്കും. പെരുമ്പാവൂരിലെ ക്ഷേത്രത്തില്‍ ആര്‍എസ്എസിന്റെ ഡ്രില്‍ നടക്കുന്നുവെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. അവിടെയും സമാനമായ നിലപാടാണ് എടുത്തതെന്നും 19ന് തിരുവനന്തപുരത്ത് ദേവസ്വം ബോര്‍ഡ് യോഗം ചേരുമ്പോള്‍ പ്രത്യേക അജന്‍ഡയായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പ്രശാന്ത് പറഞ്ഞു. 


Source link

Related Articles

Back to top button