ഗണേഷ ചതുർഥി: ഓഹരി വിപണിക്ക് ഇന്ന് അവധി; ലക്ഷ്മി പൂജയും മുഹൂർത്ത വ്യാപാരവും ഒക്ടോബർ 21ന്

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ഇറക്കുമതി തീരുവ മണിക്കൂറുകൾക്കകം പ്രാബല്യത്തിൽ വരാനിരിക്കേ, ഇന്ത്യൻ ഓഹരി വിപണികൾക്ക് ഇന്ന് ‘ആശ്വാസത്തിന്റെ’ അവധിദിനം. ഗണേഷ ചതുർഥി പ്രമാണിച്ച് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചും (എൻഎസ്ഇ) ഇന്ന് പ്രവർത്തിക്കില്ല. ട്രംപിന്റെ താരിഫ് പ്രാബല്യത്തിലാകുന്നതിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണികൾ ഇന്നലെ കനത്ത നഷ്ടം നേരിട്ടിരുന്നു. നിഫ്റ്റി 255 പോയിന്റ് (-1.02%) താഴ്ന്ന് 24,712ലും സെൻസെക്സ് 849 പോയിന്റ് (-1.04%) ഇടിഞ്ഞ് 80,786ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ശ്രീറാം ഫിനാൻസ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, ട്രെന്റ് എന്നിവയായിരുന്നു ഇന്നലെ നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടത്. മാരുതി സുസുക്കി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐഷർ മോട്ടോഴ്സ്, ഐടിസി, നെസ്ലെ ഇന്ത്യ എന്നിവ നേട്ടത്തിലും മുന്നിലെത്തി. എഫ്എംസിജി ഒഴികെയുള്ള ഓഹരി വിഭാഗങ്ങളെല്ലാം വലിയ നഷ്ടമാണ് നേരിട്ടത്. പൊതുമേഖലാ ബാങ്ക്, മെറ്റൽ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരി വിഭാഗങ്ങൾ 2% വരെ നഷ്ടത്തിലായി.ഹൈന്ദവ വിശ്വാസപ്രകാരമുള്ള ‘സംവത്’ വർഷാരംഭത്തിന്റെ ഭാഗമായാണ് ലക്ഷ്മി പൂജയും മുഹൂർത്ത വ്യാപാരവും. പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനുമുള്ള ഐശ്വര്യപൂർണമായ സമയമായാണ് മുഹൂർത്ത വ്യാപാരത്തെ നിക്ഷേപകർ കാണുന്നത്. മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പിന്നീട് പ്രഖ്യാപിക്കും. ദീവാലി ബലിപ്രതിപദ പ്രമാണിച്ച് ഒക്ടോബർ 22നും അവധിയാണ്. ഓഹരി വിപണി തുടർച്ചയായി രണ്ടുദിവസം പൊതു അവധിയിലാകുന്നത് അപൂർവം. ഗുരു നാനക് ജയന്തി ദിനമായ നവംബർ 5നും ഓഹരി വിപണി പ്രവർത്തിക്കില്ല. തുടർന്ന് ഡിസംബർ 25ന് ക്രിസ്മസ് അവധിയുമുണ്ട്.
Source link