ഗോൾപോസ്റ്റ് വീണ്ടും താരിഫിലേക്ക് തിരിച്ച് ട്രംപ്; മിനി ഡീലിൽ ‘ട്രംപിനെ തളയ്ക്കാൻ’ ഇന്ത്യ, ഓഹരിക്ക് നിരാശ, സ്വർണവും എണ്ണയും വീണു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ‘പകരച്ചുങ്കം’ ആയുധമാക്കിയതോടെ രാജ്യാന്തരതലത്തിൽ ഒരിടവേളയ്ക്കുശേഷം ആശങ്ക ശക്തമാകുന്നു. അതേസമയം, തിരിച്ചടി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇന്ത്യ. യുഎസുമായി താരിഫ് സംബന്ധിച്ച് ഒട്ടേറെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ ‘മിനി ഡീൽ’ (ഹ്രസ്വകാല കരാർ) ഒപ്പുവച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ മുതൽ ലോക രാജ്യങ്ങൾക്കുമേൽ നടപ്പാക്കേണ്ടിയിരുന്ന പകരച്ചുങ്കം അഥവാ പകരംതീരുവ ട്രംപ് മൂന്നുമാസത്തേക്ക് മരവിപ്പിച്ചിരുന്നു. ജൂലൈ 9 വരെയാണ് യുഎസുമായി ചർച്ചകൾ നടത്താനുള്ള സാവകാശമെന്നോണം ട്രംപ് പകരച്ചുങ്കം റദ്ദാക്കിയത്. ഇതിനകം 12 രാജ്യങ്ങളുമായി യുഎസ് കരാർ ഒപ്പുവച്ചെന്ന് ട്രംപ് വ്യക്തമാക്കി. കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്കുമേൽ ഏപ്രിലിൽ പ്രഖ്യാപിച്ച പകരച്ചുങ്കം ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി.10 ശതമാനം അടിസ്ഥാന ഇറക്കുമതി തീരുവയ്ക്ക് പുറമെ 60 ശതമാനം വരെ തീരുവയായിരുന്നു ട്രംപ് ഏപ്രിൽ രണ്ടുമുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ ഓഗസ്റ്റ് ഒന്നിനകം യുഎസുമായി കരാറിലെത്താനായില്ലെങ്കിൽ കാത്തിരിക്കുന്നത് ഇതിലുംവലിയ ഇറക്കുമതി തീരുവയായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വീണു ഏഷ്യൻ വിപണികളുംയുഎസ് വീണ്ടും പകരച്ചുങ്കത്തിന്മേൽ ഭീഷണി തുടങ്ങിയതോടെ ഏഷ്യൻ ഓഹരി വിപണികൾ കനത്ത സമ്മർദത്തിലായി. ജാപ്പനീസ് നിക്കേയ് 0.50% വരെ ഇടിഞ്ഞു. ഹോങ്കോങ് വിപണി 0.72%, ഷാങ്ഹായ് 0.18% എന്നിങ്ങനെയും ഇടിഞ്ഞു. 0.16 ശതമാനമാണ് ഓസ്ട്രേലിയയുടെ എഎസ്എക്സ്200 നേരിട്ട നഷ്ടം.
Source link