ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ ‘വിറപ്പിച്ച’ താരം ഫൈനലിൽ ഇല്ല? ന്യൂസീലൻഡിന്റെ ചങ്കിടിപ്പേറ്റി പരുക്ക്

ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിന്റെ പ്രതീക്ഷകൾക്കു തിരിച്ചടിയായി പേസ് ബോളർ മാറ്റ് ഹെൻറിയുടെ പരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ ഒരു ക്യാച്ചെടുക്കുന്നതിനിടെ മാറ്റ് ഹെൻറിയുടെ മുതുകിനു പരുക്കേൽക്കുകയായിരുന്നു. മികച്ച ഫോമിലുള്ള പേസർ കളിച്ചില്ലെങ്കിൽ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് സമ്മർദത്തിലാകും.മാറ്റ് ഹെൻറിയുടെ പരുക്കു മാറുമെന്നാണു പ്രതീക്ഷയെന്ന് കിവീസ് കോച്ച് ഗാരി സ്റ്റെഡ് പ്രതികരിച്ചു. ‘‘മാറ്റ് ഹെൻറിയുടെ കാര്യത്തിൽ ഞങ്ങൾക്കു പ്രതീക്ഷയുണ്ട്. താരത്തിന്റെ പരിശോധനകൾ പൂർത്തിയായി. അദ്ദേഹത്തിന് ഫൈനലില്‍ അവസരം ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. പക്ഷേ ഇപ്പോഴും അദ്ദേഹം കളിക്കുമെന്നു പൂർണമായും പറയാനായിട്ടില്ല. പരുക്കു ഭേദമാകുമെന്നാണു ഞങ്ങളുടെ പ്രതീക്ഷ.’’– ന്യൂസീലൻഡ് പരിശീലകൻ പറഞ്ഞു.
Source link