പാകിസ്താനെതിരായ ഇന്ത്യൻ നീക്കങ്ങളിൽ നിർണായകമായത് യൂണിയൻ വാർ ബുക്ക്

ന്യൂഡൽഹി: യുദ്ധസമാനമായിരുന്ന ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യൻ നീക്കങ്ങളിൽ നിർണായകമായത് യൂണിയൻ വാർ ബുക്ക് ആണെന്ന് റിപ്പോർട്ടുകൾ. ഒരു സായുധ പോരാട്ടമുണ്ടായാൽ സർക്കാരിൻ്റെ വിവിധ വിഭാഗങ്ങളുടെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും എങ്ങനെയായിരിക്കണമെന്നതിൽ രാജ്യത്തുടനീളമുള്ള പ്രധാന ഉദ്യോഗസ്ഥർക്ക് രഹസ്യ സ്വഭാവമുള്ള വാർ ബുക്ക് കൃത്യമായ നിർദേശങ്ങൾ നൽകുന്നു. അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പാകിസ്താനെതിരായ ഇന്ത്യൻ നീക്കങ്ങളിൽ വാർ ബുക്ക് ഒരു പ്രധാന രൂപരേഖയായി പ്രവർത്തിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.200-ലധികം പേജുകളുള്ള നീല നിറത്തിലുള്ള വാർബുക്ക് അതീവ രഹസ്യസ്വഭാവമുള്ളതാണ്. അഗ്നിശമന പരിശീലനങ്ങൾ മുതൽ ഒഴിപ്പിക്കലുകളും സൈറണുകളും വരെ, ഈ പുസ്തകമാണ് അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളും നിർദ്ദേശിക്കുന്നത്. ഒരു യുദ്ധമുണ്ടായാൽ പ്രധാന ഉദ്യോഗസ്ഥരിൽ ഓരോരുത്തരും എന്തുചെയ്യണമെന്ന് വാർ ബുക്കിൽ വ്യക്തമാക്കുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടാകാതെ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നതിൽ എല്ലാവർക്കും വ്യക്തമായ ധാരണ ലഭിക്കുന്നു. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു പ്രധാന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Source link