ചൂട് താങ്ങാനാവാതെ കരയും കടലും: സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്. ഏറ്റവുമൊടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആഗോളതലത്തിലെ സമുദ്ര മഞ്ഞുപാളികളുടെ വ്യാപ്തി ഫെബ്രുവരിയിൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിട്ടുണ്ട്. ഉത്തരധ്രുവത്തിനടുത്ത് താപനില ശരാശരിയേക്കാൾ 11 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യമാണ് ഇതിലേക്ക് നയിച്ചത്.യൂറോപ്പിലെ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കടന്നുപോയത് ഏറ്റവും ചൂടേറിയ മൂന്നാമത്തെ ഫെബ്രുവരി മാസമാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം തന്നെയാണ് ആഗോളതാപനില ക്രമാതീതമായി വർധിക്കുന്നതിന് പിന്നിലെ പ്രധാനകാരണം. ആർട്ടിക്കിലെയും അന്റാർട്ടിക്കിലെയും സമുദ്ര മഞ്ഞുപാളികൾ ഒന്നായി ചേർത്ത് കണക്കിലെടുത്തമ്പോൾ ആഗോളതലത്തിൽ പ്രതിദിന സമുദ്ര ഹിമത്തിന്റെ വ്യാപ്തി ഫെബ്രുവരി ആദ്യം എക്കാലത്തെയും താഴ്ന്ന നിലയിലാവുകയായിരുന്നു.
Source link