ചെന്നൈയുടേത് ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ തന്ത്രം; വിസിൽ മുഴക്കാൻ 'ഡാഡ്സ് ആർമി'; 'തല'മിടുക്കിൽ എല്ലാവരും ഓൾറൗണ്ടർമാർ

ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും – ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്.
18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
Source link