ചെന്നൈ തോൽക്കുന്ന കളികളിൽ ‘അടിയോടടി’, ജയിപ്പിക്കേണ്ടപ്പോൾ ‘ബാറ്റിന് അനക്കമില്ല’; രാജസ്ഥാനെതിരായ മത്സരത്തിലും ധോണിക്ക് വിമർശനം

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സ് അനായാസ വിജയം നേടുമെന്ന് പ്രതീക്ഷിച്ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരം ആറു റൺസിനു തോറ്റതിനു പിന്നാലെ, വെറ്ററൻ താരം മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ് ശൈലിക്ക് വിമർശനം. 2023ലെ ഐപിഎൽ സീസൺ മുതൽ ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് മത്സരം വരെയെടുത്താൽ, ടീം ചേസ് ചെയ്യുന്ന മത്സരങ്ങളിൽ ടീമിനെ രക്ഷിക്കാൻ ധോണിക്കു സാധിച്ചിട്ടില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഈ കാലയളവിൽ തോറ്റ മത്സരങ്ങളിൽ ധോണിയുടെ ബാറ്റിങ് ശരാശരി 83നും മുകളിലാണ്!ഇക്കലായളവിൽ ചെന്നൈ ചേസ് ചെയ്ത് ജയിച്ച മത്സരങ്ങളിൽ ധോണി ബാറ്റിങ്ങിന് ഇറങ്ങിയത് മൂന്നു തവണ മാത്രം. ആ മത്സരങ്ങളിൽ താരത്തിന്റെ സമ്പാദ്യം വെറും 3 റൺസും! അതേസമയം, ഇതേ കാലയളവിൽ ചെന്നൈ ചേസ് ചെയ്ത് തോൽവി വഴങ്ങിയ ആറു മത്സരങ്ങളിലാണ് ധോണി ബാറ്റിങ്ങിന് ഇറങ്ങിയത്. ഈ മത്സരങ്ങളിൽ 84 പന്തിൽനിന്ന് 13 ഫോറും 13 സിക്സറും സഹിതം ധോണി അടിച്ചുകൂട്ടിയത് 166 റൺസാണ്! അതായത് 2023 മുതലുള്ള സീസണുകൾ വിശകലനം ചെയ്താൽ ധോണിക്ക് ടീമിന്റെ വിജയത്തിലേക്ക് കാര്യമായ സംഭാവനകൾ നൽകാനായിട്ടില്ലെന്ന് സാരം.
Source link