ജയ്സ്വാളിനു പിന്നാലെ സൂര്യയും ടീം വിടുമെന്ന് അഭ്യൂഹം, നിഷേധിച്ച് താരം; രഹാനെ ജയ്‌സ്വാളിനെ ഗ്രൗണ്ടിനു പുറത്താക്കിയതു മുതൽ അസ്വാരസ്യം!

മുംബൈ∙ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവയ്‌ക്ക് കളിക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുംബൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സീസണിൽ ഗോവയ്‌ക്ക് കളിക്കുന്നതിന് എൻഒസി ആവശ്യപ്പെട്ട് ജയ്‌സ്വാൾ കത്തയച്ചത് മുംബൈ ടീം അധികൃതരെ ഞെട്ടിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ്, സൂര്യകുമാറും ടീം വിട്ടേക്കുമെന്ന വിവരം പുറത്തുവരുന്നത്. അതേസമയം, മുംബൈ വിട്ട് ഗോവ ടീമിൽ ചേരുന്ന കാര്യത്തിൽ സൂര്യകുമാർ യാദവ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. സൂര്യയുമായി അടുത്ത വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയും ചെയ്തു. സൂര്യകുമാറും വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എല്ലാം അഭ്യൂഹങ്ങളാണെന്ന് സൂചിപ്പിച്ചു.
Source link