‘വിട്ടുനില്‍ക്കല്‍ എളുപ്പമല്ല, പക്ഷേ അതാണ് ശരിയെന്ന് തോന്നുന്നു’-കോലിയുടെ ഹൃദയസ്പർശിയായ കുറിപ്പ്

ഹൃദയസ്പർശിയായ കുറിപ്പോടെയാണ് ഇതിഹാസ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റിനോട് തനിക്കുള്ള വൈകാരിക ബന്ധം വ്യക്തമാക്കിയ കോലി എല്ലാവരോടും നന്ദി പറയുകയും നിറഞ്ഞ ഹൃദയത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും കുറിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തന്റെ പിൻഗാമിയായ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോലിയും പടിയിറക്കത്തിനുള്ള തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. രോഹിതിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെയുള്ള കോലിയുടെയും പടിയിറക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ കാര്യമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ബിസിസിഐ സമ്മര്‍ദം ചെലുത്തിയെങ്കിലും കോലി തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കോലി ഇങ്ങനെ കുറിച്ചു..’ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വര്‍ഷമായി. സത്യസന്ധമായി പറഞ്ഞാല്‍, ഈ ഫോര്‍മാറ്റ് എന്നെ ഇവിടംവരെയുള്ള യാത്രയില്‍ എത്തിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അതെന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കുന്ന പാഠങ്ങള്‍ പഠിപ്പിച്ചു,’ പോസ്റ്റില്‍ പറയുന്നു.
Source link