WORLD

ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്നു പണം കണ്ടെത്തിയെന്ന് അന്വേഷണ റിപ്പോർട്ട്; കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യം പുറത്ത്


ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ജ‍ഡ്ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്. ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതി അന്വേഷിക്കും. ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികൾ. 


Source link

Related Articles

Back to top button