ജോസ് ‘ദ് ബോസ്’, ചിന്നസ്വാമിയിൽ പെരിയ ടൈറ്റൻസ്, എട്ടു വിക്കറ്റ് വിജയം; ആർസിബിക്ക് തോൽവി

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് ആദ്യ തോൽവി. തുടർച്ചയായി രണ്ടു മത്സരങ്ങൾ ജയിച്ചെത്തിയ ആര്‍സിബിക്കെതിരെ എട്ടു വിക്കറ്റ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. ബെംഗളൂരു ഉയർത്തിയ 170 റൺസ് വിജയലക്ഷ്യത്തിലേക്ക് 17.5 ഓവറില്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടത്തിൽ ഗുജറാത്ത് എത്തിച്ചേർന്നു. 13 പന്തുകൾ ബാക്കിനിൽക്കെയാണ് ടൈറ്റൻസ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ജോസ് ബട്‍ലർ അർധ സെഞ്ചറിയുമായി പുറത്താകാതെനിന്നു. 39 പന്തുകൾ നേരിട്ട താരം 73 റൺസെടുത്തു. ആറു സിക്സുകളും അഞ്ചു ഫോറുമാണു ബട്‍ലർ ബൗണ്ടറി കടത്തിയത്.18 പന്തുകൾ നേരിട്ട ഷെർഫെയ്ൻ റുഥർഫോഡ് 30 റൺസുമായി പുറത്താകാതെനിന്നു. സായ് സുദർശൻ (36 പന്തിൽ 49), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (14 പന്തിൽ 14) എന്നിവരാണു പുറത്തായ ഗുജറാത്ത് ബാറ്റർമാർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 40 പന്തുകൾ നേരിട്ട ലിയാം ലിവിങ്സ്റ്റൻ അഞ്ചു സിക്സറുകൾ പറത്തി 54 റൺസെടുത്തു ബെംഗളൂരുവിന്റെ ടോപ് സ്കോററായി. 18 പന്തുകൾ നേരിട്ട ടിം ഡേവിഡ് 32 റൺസാണു നേടിയത്. ജിതേഷ് ശർമ (21 പന്തിൽ 33), ഫിൽ സോൾട്ട് (13 പന്തിൽ 14) എന്നിവരാണ് ആര്‍സിബിയുടെ മറ്റു പ്രധാന സ്കോറർമാർ.
Source link