ക്യാപ്റ്റൻ പാണ്ഡ്യ വന്നിട്ടും രക്ഷയില്ല, മുംബൈ ഇന്ത്യൻസിന് സീസണിലെ രണ്ടാം തോൽവി; 36 റൺസ് വിജയവുമായി ഗുജറാത്ത്

അഹമ്മദാബാദ്∙ വിലക്കു മാറി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനൊപ്പം ചേർന്നെങ്കിലും ടീമിന്റെ കളി മാറിയില്ല. ഫലം സീസണിലെ രണ്ടാം മത്സരത്തിലും ‘ദൈവത്തിന്റെ പോരാളികൾക്കു’ തോൽവി. 36 റൺസ് വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. സൂര്യകുമാർ യാദവും (28 പന്തിൽ 48), തിലക് വർമയും (36 പന്തിൽ 39) മാത്രമാണ് മുംബൈ ഇന്ത്യൻസിനായി ബാറ്റിങ്ങിൽ കുറച്ചെങ്കിലും തിളങ്ങിയത്. തുടക്കത്തിൽ തന്നെ രോഹിത് ശർമ (എട്ട്), റയാൻ റിക്കിൾട്ടൻ (ആറ്) എന്നിവരെ മുഹമ്മദ് സിറാജ് പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലേക്കു മടങ്ങിയിരുന്നു. തിലക് വർമയുടേയും സൂര്യകുമാറിന്റേയും ചെറുത്തുനിൽപ്പ് വലിയൊരു തകർച്ചയിൽനിന്ന് മുംബൈയെ രക്ഷിച്ചു. 12.1 ഓവറിൽ മുംബൈ 100 കടന്നു. ഇരുവരുടേയും പുറത്താകലിനു പിന്നാലെയെത്തിയ റോബിൻ മിൻസിനും (മൂന്ന്), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കും (17 പന്തിൽ 11) വമ്പനടികൾക്കുള്ള അവസരം ലഭിച്ചില്ല. നമൻ ഥിറും മിച്ചൽ സാന്റ്നറും അവസാന പന്തുകളിൽ 18 റൺസ് വീതം അടിച്ചെടുത്തെങ്കിലും, തോൽവി ഭാരം കുറയ്ക്കാൻ മാത്രമാണ് അത് ഉപകരിച്ചത്. ഗുജറാത്തിനായി പേസർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
Source link