‘ഞങ്ങളുടെ സിരകളിൽ ഒഴുകുന്നത് ദേശസ്നേഹം’; അഭിമാനത്തോടെ കേണല്‍ സോഫിയ ഖുറേഷിയുടെ കുടുംബം

ഗാന്ധിനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തെ കുറിച്ചുള്ള വിശദീകരണത്തിന് വിദേശകാര്യ സെക്രട്ടറി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങിനൊടൊപ്പം ശ്രദ്ധാകേന്ദ്രമായ വനിതാ സൈനികോദ്യോഗസ്ഥയാണ് കേണല്‍ സോഫിയ ഖുറേഷി. ഗുജറാത്തിലെ വഡോദര സ്വദേശിയാണ് കേണല്‍ സോഫിയ ഖുറേഷി. രാജ്യത്തെ സംബന്ധിച്ച സുപ്രധാന നിമിഷത്തെ കുറിച്ചുള്ള വിശദീകരണത്തിലും രാജ്യത്തിന്‍റെ അഭിമാനനിമിഷത്തിലും കേണല്‍ സോഫിയ ഖുറേഷിയും ഭാഗമായതില്‍ അഭിമാനിക്കുകയാണ് ധീരസൈനികയുടെ കുടുംബം. അധ്യാപികയാകാനുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്ന കേണല്‍ സോഫിയ ഗവേഷണപഠനം ഉപേക്ഷിച്ചാണ് സൈന്യത്തില്‍ ചേര്‍ന്നത്. കേണല്‍ സോഫിയയുടെ മാതാപിതാക്കളും സഹോദരന്‍ മുഹമ്മദ് സഞ്ജയും വഡോദരയിലാണ് താമസിക്കുന്നത്. പിഎച്ച്ഡി ഏകദേശം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് അധ്യാപികയാകണമെന്ന മോഹമുപേക്ഷിച്ച് രാജ്യത്തെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിലേക്ക് കേണല്‍ സോഫിയ എത്തിയതെന്ന് സഹോദരന്‍ സഞ്ജയ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന മുത്തച്ഛന്റേയും പിതാവിന്റേയും പാതയാണ് സഹോദരി തിരഞ്ഞെടുത്തതെന്ന് സഞ്ജയ് പറഞ്ഞു.
Source link