ഒരു കളി ജയിച്ചപ്പോഴേക്കും ഇത്ര ജാഡയോ? സെല്‍ഫിയെടുത്ത ശേഷം ഫോണ്‍ എറിഞ്ഞുകൊടുത്ത പരാഗിന് വിമര്‍ശനം

ഗുവാഹത്തി: ഐപിഎല്‍ 18-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ആറു റണ്‍സിനാണ് രാജസ്ഥാന്‍ ജയിച്ചുകയറിയത്. സഞ്ജു സാംസന്റെ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത കാരണം താത്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ടീമിനെ നയിക്കുന്നത്. ഇപ്പോഴിതാ ജയിച്ച മത്സരത്തിനു ശേഷമുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് പരാഗ്. ക്യാപ്റ്റനെന്ന നിലയില്‍ ഒരു കളി ജയിച്ചപ്പോഴേക്കും താരത്തിന് ഇത്ര ജാഡയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.മത്സരശേഷം ഗ്രൗണ്ട് സ്റ്റാഫുമൊത്ത് റിയാന്‍ പരാഗ് സെല്‍ഫിയെടുത്തിരുന്നു. ചിത്രം പകര്‍ത്തിയ ശേഷം സ്റ്റാഫിന് ഫോണ്‍ എറിഞ്ഞുകൊടുത്ത പരാഗിന്റെ പ്രവൃത്തിയാണ് വിമര്‍ശനത്തിന് കാരണം. താരത്തിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലായിരുന്നു മത്സരം. അതിനാല്‍ത്തന്നെ കളിക്കുശേഷം ‘ലോക്കല്‍ ബോയ്’ പരാഗിനൊപ്പം സെല്‍ഫിയെടുക്കാന്‍ നിരവധി പേരെത്തി. ഇതിനിടെയാണ് ഒരു സംഘം ഗ്രൗണ്ട് സ്റ്റാഫുകളെത്തിയത്. ഇവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷം പരാഗ്, ചിത്രമെടുത്ത ഫോണ്‍ ഇവര്‍ക്കു നേര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ പരാഗിന്റെ ഈ നീക്കത്തിനൊടുവില്‍ സ്റ്റാഫില്‍ ഒരാള്‍ ഫോണ്‍ നിലത്തുവീഴാതെ കൈയിലൊതുക്കി.
Source link