'ടീമിലേക്ക് ഒരു കുട്ടിയെ കിട്ടിയല്ലേ'- അന്ന് വൈഭവിനെ കണ്ട ധോനി പറഞ്ഞു, എളിമ വേണമെന്ന് കോലിയും

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റെക്കോഡ് സെഞ്ചുറിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശിയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. വെറും 35 പന്തില്‍നിന്ന് സെഞ്ചുറി കുറിച്ച താരം ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം, ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറി, ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറി തുടങ്ങിയ റെക്കോഡുകള്‍ സ്വന്തം പേരിലാക്കിയിരുന്നു.റെക്കോഡ് സെഞ്ചുറിക്ക് മുമ്പ് വൈഭവ്, എം.എസ് ധോനിയുമായും വിരാട് കോലിയുമായും സംസാരിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ബിന്ദര്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബിന്ദറിന്റെ വെളിപ്പെടുത്തല്‍. ധോനിക്കൊപ്പം മുമ്പ് പ്രവര്‍ത്തിച്ച പരിചയവും ബിന്ദറിനുണ്ട്. ഇത്തവണത്തെ സീസണിന്റെ തുടക്കത്തില്‍ ഗുവാഹത്തിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെയാണ് രാജസ്ഥാന്‍ താരം വൈഭവ്, ധോനിയെ കണ്ടുമുട്ടുന്നത്. ‘നിങ്ങളുടെ ടീമിലേക്ക് ഒരു കുട്ടിയെ കിട്ടിയല്ലേ’ എന്നാണ് ധോനി അന്ന് തന്നോട് ചോദിച്ചതെന്ന് ബിന്ദര്‍ പറയുന്നു. പക്വതയുള്ള കളിക്കാരനെ പോലെ ആ കുഞ്ഞ് മികച്ച ഷോട്ടുകള്‍ കളിക്കുന്നുവെന്നും ധോനി പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link