6 വർഷത്തെ ‘ഇല്ലുമിനാറ്റി’ മാർക്കറ്റിങ് തന്ത്രം; സ്റ്റീഫന്റെ രണ്ടാം വരവ് ഒരു ദിവസം നേരത്തേ; ക്ലൈമാക്സിൽ ഹേറ്റേഴ്സിനെ തോൽപിച്ച് ആ 3 പേർ

‘‘ എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും… ഞാൻ അവരുടെ രാജാവായിരുന്നുവെന്ന്… ഒരേയൊരു രാജാവ്….’’ 2019 മാർച്ച് 28ന് കേരളത്തിൽ നേരം പുലർന്നത് വെള്ളിത്തിരകളിലെ ആ തീപ്പൊരി ഡയലോഗ് കേട്ടുകൊണ്ടായിരുന്നു. ഇതാ, ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അയാൾ തിരികെ വരികയാണ്. ഗോവർധന്റെ വാക്കുകളിൽനിറയുന്ന ആ ‘ലൂസിഫർ’. പാവങ്ങളുടെ സ്വന്തം ‘എസ്തപ്പാൻ’. മലയോര കോൺഗ്രസുകാരുടെ അനിഷേധ്യ നേതാവ് സ്റ്റീഫൻ നെടുമ്പള്ളി.
മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിലൊന്നായ ലൂസിഫറിന്റെ രണ്ടാംഭാഗം എംപുരാൻ മാർച്ച് 27നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ‘ഐ മാക്സ്’ സിനിമയാണ് എംപുരാൻ. ഇക്കാര്യം ഔദ്യോഗികമായി പൃഥ്വിരാജ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സിനിമ. ഏറ്റവും വലിയ ഫോർമാറ്റ്. രണ്ടു മണിക്കൂറും 52 മിനിറ്റുമായിരുന്നു ലൂസിഫർ സിനിമയുടെ ദൈർഘ്യം. എന്നാൽ 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കൻഡ് ദൈർഘ്യവുമായാണ് എംപുരാന്റെ വരവ്. ‘സഹ്യനോളം തലപ്പൊക്കം’ എന്നൊക്കെ പറയാവുന്നത്ര ആഘോഷവുമായി ഈ സിനിമ കടന്നുവരികയാണ്. റിലീസിനു മുൻപുതന്നെ കൊണ്ടുംകൊടുത്തും കണക്കുതീർത്തുമൊക്കെ വാർത്തകളിൽ നിറയുകയാണ് എംപുരാൻ.
Source link