ട്രംപിന് ഇന്ത്യയോട് ‘കലി’; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം, ഓഹരിക്ക് നെഞ്ചിടിപ്പ്, മുന്നിൽ ‘ചോരപ്പുഴയോ’? ഇറാനെതിരെ ‘ഇ3’ പടയൊരുക്കം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘കടുത്ത കലി’യോടെ ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% ‘ഇടിത്തീരുവ’ ഇന്നലെ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് ഏത് ദിശയിലേക്കാകും നീങ്ങുകയെന്ന് കടുത്ത ആശങ്കയിൽ നികേഷേപകർ. ഗണേശ ചതുർഥി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്നലെ അവധിയായിരുന്നു. താരിഫ് ആഘാതത്തിന്റെ പ്രതിഫലനം ഇന്ന് ഓഹരി വിപണിയിൽ നഷ്ടക്കാറ്റായി ആഞ്ഞടിക്കുമോയെന്നതാണ് ആശങ്ക. മുന്നിൽ ചോരപ്പുഴയോ? ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 100ലേറെ പോയിന്റ് ഇടിഞ്ഞു. ഇതു നൽകുന്നത് ശുഭസൂചനയല്ല. ഇന്ത്യൻ ഓഹരികളുടെ ഓരോ ദിവസത്തെയും വ്യാപാരത്തിന്റെ ദിശാസൂചിക കൂടിയാണ് ഗിഫ്റ്റ് നിഫ്റ്റി എന്നിരിക്കേ, സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങാനാണ് സാധ്യത. കഴിഞ്ഞ സെഷനിൽ (ചൊവ്വ) സെൻസെക്സ് 850 പോയിന്റും നിഫ്റ്റി 255 പോയിന്റും ഇടിഞ്ഞിരുന്നു. അതേസമയം, പരിഭ്രാന്തി വേണ്ടെന്നും ഏവരും ഭയക്കുന്നതുപോലെ ‘ട്രംപ് താരിഫ്’ പ്രതിസന്ധിയാകില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. 2024ൽ യുഎസിലേക്കുള്ള കയറ്റുമതിയിലൂടെ ഇന്ത്യ 8,700 കോടി ഡോളർ വരുമാനം നേടിയിരുന്നു. ട്രംപ് കടുത്ത തീരുവ ചുമത്തിയ പശ്ചാത്തലത്തിൽ 2025ലെ വരുമാനം 5,000 കോടിയിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തൽ.അമേരിക്കൻ വിപണിക്ക് ബദലായി മറ്റ് 50ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നത്. ഇതിനുപുറമേയാണ്, ആഭ്യന്തര വിപണിയിൽ വിൽപന കൂടുതൽ ശക്തിപ്പെടുത്താനുള്ള ജിഎസ്ടി ഇളവിന്റെ നീക്കം. പുറമെ, കയറ്റുമതി രംഗത്തെ കമ്പനികൾക്ക് കേന്ദ്രം ‘ഉത്തേജക പാക്കേജ്’ പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.ഇറാനെതിരെ ‘ഇ3’, കടുപ്പിക്കും ‘ഉപരോധം’ഇ3 രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറാനെതിരെ വീണ്ടും ഉപരോധ നീക്കം കടുപ്പിക്കുന്നത് മധ്യേഷ്യയിൽ വീണ്ടും ആശങ്ക വിതയ്ക്കുന്നു. ഇറാൻ ആണവ പദ്ധതികൾ തുടരുന്നതാണ് ഇവയെ അലോസരപ്പെടുത്തുന്നത്. സമ്മർദങ്ങൾക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ മേഖലയെ അതു വീണ്ടും കലുഷിതമാക്കിയേക്കും. ഇറാനുമേലുള്ള ഉപരോധം കൂടുന്നത് ക്രൂഡ് ഓയിൽ വിലവർധനയ്ക്കും വഴിവച്ചേക്കും.
Source link