താരിഫുകൊണ്ട് നോവിച്ച് ട്രംപ്; ‘തീ’യായി സ്വർണം, ചങ്കിടിപ്പേറ്റി പവൻ 67,000ന് മുകളിൽ, യുദ്ധപ്പേടി എരിതീയെണ്ണ

സ്വർണാഭരണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുന്നോ? രാജ്യാന്തര സ്വർണവില (gold rate) ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. സംസ്ഥാനത്ത് (Kerala gold price) ഗ്രാമിന് ഇന്ന് 65 രൂപയുടെ ഒറ്റക്കുതിപ്പുമായി വില 8,425 രൂപയിലും പവന് 520 രൂപ മുന്നേറി 67,400 രൂപയിലുമെത്തി; ചരിത്രത്തിലെ ഏറ്റവും ഉയരം. ഇക്കഴിഞ്ഞ 29ന് (മാർച്ച് 29) കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോർഡ് പഴങ്കഥ. ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് സ്വർണത്തിന്റെ ഈ ‘നിർദയ’ കുതിപ്പ് നിരാശയിലാഴ്ത്തുന്നത്. 18 കാരറ്റ് സ്വർണവിലയും കുതിച്ചുയർന്ന് പുതിയ റെക്കോർഡിട്ടു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎ സംഘടനയുടെ നിർണയപ്രകാരം വില ഗ്രാമിന് 50 രൂപ വർധിച്ച് 6,950 രൂപയായി.
Source link