പാഞ്ഞു വരുന്ന ട്രെയിൻ, പാളത്തിലേക്കു കയറി നിന്ന് അമ്മയും കുഞ്ഞും; കാർത്തിക സാക്ഷി, ജീവിതം പച്ചക്കൊടി കാണിച്ച ആ നിമിഷങ്ങൾക്ക്…

ഇടുക്കി വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്നു തുടങ്ങിയ യാത്രയാണ് കാർത്തികയുടേത്. ഒരു ട്രെയിൻ പോലെത്തന്നെയായിരുന്നു ആ യാത്ര. പതിയെയായിരുന്നു തുടക്കം. പിന്നെ അൽപാൽപമായി വേഗം കൂട്ടി. ഒടുവിൽ കുതിച്ചു പാഞ്ഞു. അധികം വൈകാതെതന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തുടക്കയാത്രയിൽ കാർത്തിക ഒറ്റയ്ക്കായിരുന്നു. പിന്നെ ചിലര്‍ ഒപ്പം ചേർന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തനിക്കൊപ്പമുള്ള, മുഖങ്ങളറിയാത്ത ഒരുപാട് പേരുടെ സ്വപ്നങ്ങളും കൊണ്ടാണ് കാർത്തികയുടെ വേഗതയേറിയ യാത്ര. ആയിരക്കണക്കിന് ജീവനുകളുംകൊണ്ടു ലക്ഷ്യസ്ഥാനം നോക്കി പായുമ്പോൾ മുന്നിലെ പ്രതിസന്ധികളെ വേഗതയോടെ, മനോബലത്തോടെ വകഞ്ഞുമാറ്റുന്ന തീവണ്ടിയുടെ അമരക്കാരി. ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയാണ് ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റിന്റെ ആ യാത്ര.
വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്ന് കാർത്തിക കണ്ട സ്വപ്നങ്ങൾക്ക് ഒരു തീവണ്ടിയുടെ കരുത്തുണ്ടായിരുന്നു. ആ കരുത്ത് വേഗമാക്കി കുതിച്ച കാർത്തിക ലോക്കോപൈലറ്റായിട്ട് അഞ്ചുവർഷം. വേഗതയുടെ, മനുഷ്യരുടെ, തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തിച്ചേരുന്ന അവസാനിക്കാത്ത യാത്രയുടെ ഈ കഥ പറയുന്നത് വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിലെ രാജന്റെയും മനോമണിയുടെയും മകൾ കാർത്തികയാണ്. തീവണ്ടിയോടാത്ത ഇടുക്കിയിൽനിന്ന് ചെന്നൈയിലെ ഓട്ടങ്ങൾ നിലയ്ക്കാത്ത പാളങ്ങളിലേയ്ക്കുള്ള യാത്രയുടെ കഥ.
Source link