'സര്‍ ഇന്ന് ഞാന്‍ തകര്‍ക്കും'; റെക്കോഡ് ഇന്നിങ്‌സിനു മുമ്പ് വൈഭവ് പറഞ്ഞത് വെളിപ്പെടുത്തി കോച്ച്

ജയ്പുര്‍: നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കിയായിരുന്നു 14-കാരന്‍ വൈഭവ് സൂര്യവംശിയുടെ ഐപിഎല്‍ അരങ്ങേറ്റം. ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഏപ്രില്‍ 19-ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ഓപ്പണറായി വൈഭവ് അരങ്ങേറുന്നത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ തന്നെ റെക്കോഡ് ബുക്കിലും വൈഭവ് ഇടംപിടിച്ചിരുന്നു. ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയപ്പോള്‍ താരത്തിന് സ്വന്തമായത്. 14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. അന്ന് നേരിട്ട ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയാണ് വൈഭവ് തുടങ്ങിയത്. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് വൈഭവിന് സ്ട്രൈക്ക് ലഭിച്ചത്. പിന്നാലെ ആദ്യ പന്തു തന്നെ കവര്‍ ഏരിയക്ക് മുകളിലൂടെ ഗാലറിയിലെത്തിച്ച് വൈഭവ് തന്റെ വൈഭവം കാണിച്ചു. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ‘ആദ്യ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചവര്‍ ആരെങ്കിലുമുണ്ടോ’ എന്ന് വൈഭവ് ഒരു സഹതാരത്തോട് നിഷ്‌കളങ്കമായി ചോദിച്ചിരുന്നു. വൈഭവിന് ഉള്‍ക്കാഴ്ചയുണ്ടോ എന്ന് സംശയിക്കാന്‍ പോന്ന സംഭവമായിരുന്നു ഇത്. കാരണം നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കിയായിരുന്നല്ലോ താരത്തിന്റെ അരങ്ങേറ്റം.
Source link