KERALA

തുര്‍ക്കിയില്‍ നിന്നുള്ള ബേക്കറി അസംസ്കൃതവസ്തുക്കളുടെ ഇറക്കുമതിക്ക് ഇന്ത്യയില്‍ ബഹിഷ്കരണം


ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷസാഹചര്യത്തില്‍ പാകിസ്താന് പിന്തുണയേകിയ തുര്‍ക്കിക്കെതിരെ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉത്പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്‌സ്, നട്‌സ്, ജെല്‍സ്, ഫ്‌ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ബേക്കേഴ്‌സ് ഫെഡറേഷന്‍ ദേശീയ സെക്രട്ടറി പോള്‍ മാത്യുവാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ബേക്കറി ഉത്പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വസ്തുക്കളുടെ ബഹിഷ്‌കരണത്തിലൂടെ തുര്‍ക്കിയുടെ മേല്‍ കടുത്ത സമ്മര്‍ദമേല്‍പിക്കാനാകുമെന്ന് പോള്‍ മാത്യു പ്രതികരിച്ചു. തുര്‍ക്കിയില്‍ നിന്നുള്ളവയ്ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃതവസ്തുക്കള്‍ തന്നെ ഉപയോഗപ്പെടുത്താനാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ രാജ്യത്തെ ബേക്കറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരോടും ആവശ്യപ്പെട്ടതായും പോള്‍ മാത്യു കൂട്ടിച്ചേര്‍ത്തു. നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു.


Source link

Related Articles

Back to top button