തെക്ക് മേഘാവൃതം; കാസർകോട് 41 ഡിഗ്രി സെൽഷ്യസ്: പാലക്കാടിന് തൽക്കാലം ആശ്വാസം

തെക്കൻ ജില്ലകളിൽ പൊതുവെ മേഘാവൃതമാണ്. ചെറിയ തോതിൽ മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഉച്ചയ്ക്ക് ശേഷം കിഴക്ക്– പടിഞ്ഞാറൻ കാറ്റിന്റെ സംയോജനം മൂലം വടക്കൻ ജില്ലകളിലെ ചില മേഖലയിൽ മഴ സാധ്യതയുണ്ട്. അതേസമയം, വടക്കൻ ജില്ലകളിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയോടെ തെക്കൻ ജില്ലകളിലും താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണ്ണൂർ ജില്ലയിലെ 8 സ്റ്റേഷനിൽ 6 എണ്ണത്തിലും താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. കാസർകോട് ജില്ലയിൽ ഇറിഗെഷൻ വകുപ്പിന്റെ ഷേനി സ്റ്റേഷനിൽ 41°c രേഖപ്പെടുത്തി. കാലാവസ്ഥ വകുപ്പിന്റെ ബയാർ ( 40.7°c) എരിക്കുളം ( 39.5°c), കുഡലു ( 38.7) മുളിയാർ (38.6), സ്വകാര്യ കാലാവസ്ഥ ഏജൻസിയുടെ മംഗൽപാടി ( 39.3) പൈവളിക ( 39.2) ഉയർന്ന താപനില രേഖപ്പെടുത്തി. അതോടൊപ്പം കോഴിക്കോട് മലപ്പുറം ജില്ലകളിലും ഉയർന്ന താപനില 35°c 40°c ഇടയിൽ രേഖപ്പെടുത്തി. കോട്ടയത്ത് 35.5 ഡിഗ്രി സെൽഷ്യസും പാലക്കാട് 35.2 ഡിഗ്രി സെൽഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.
Source link