തോറ്റ ടീമിൽ പ്രിയ സുഹൃത്തുമുള്ളതിൽ വിഷമം, പക്ഷേ അദ്ദേഹം ജയിച്ചപ്പോഴെല്ലാം ഞാൻ തോറ്റ ടീമിൽ: ‘സ്നേഹം മാത്ര’മെന്ന് കോലി– വിഡിയോ

ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു പൊരുതിത്തോറ്റ ന്യൂസീലൻഡ് ടീമിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി രംഗത്ത്. വലിയ ടൂർണമെന്റുകളിൽ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്ന് കോലി ചൂണ്ടിക്കാട്ടി. സ്വന്തം പദ്ധതികൾ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീമും വേറെയില്ല. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡിങ് ടീം ന്യൂസീലൻഡ് ആണെന്നത് നിസ്തർക്കമാണ്. പ്രിയ സുഹൃത്തായ കെയ്ൻ വില്യംസൻ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നിൽക്കുന്നതിൽ വിഷമമുണ്ടെന്ന് പറഞ്ഞ കോലി, മുൻപ് അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോൾ താൻ തോറ്റ ടീമിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.‘‘വിസ്മയിപ്പിക്കുന്ന ടീമാണ് ന്യൂസീലൻഡ്. ഏറ്റവും കുറവു താരങ്ങളെ വച്ച് രാജ്യാന്തര ക്രിക്കറ്റിൽ അവർ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങൾ എക്കാലവും നമുക്ക് അദ്ഭുതത്തോടെ മാത്രമേ കാണാനാകൂ. പ്രധാന ടൂർണമെന്റുകളിൽ ന്യൂസീലൻഡ് ടീം മികവിന്റെ പാരമ്യത്തിലേക്ക് ഉയരുന്ന കാഴ്ച എത്ര തവണ നമ്മൾ കണ്ടിരിക്കുന്നു. വലിയ മത്സരങ്ങളിൽ എപ്പോഴൊക്കെ ന്യൂസീലൻഡിനെ നേരിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം കൃത്യമായ പദ്ധതികളുമായാണ് അവർ കളത്തിലിറങ്ങിയിട്ടുള്ളത്. ന്യൂസീലൻഡിനേപ്പോലെ സ്വന്തം പദ്ധതികൾ ഇത്ര മികച്ച രീതിയിൽ നടപ്പാക്കുന്ന മറ്റൊരു ടീമിനെ കണ്ടിട്ടില്ല.’
Source link