ഡോളറിനെ തകർത്ത് ട്രംപിന്റെ ബൂമറാങ്; കുതിച്ചുകയറി സ്വർണവില, താരിഫ് ഭീഷണിയുമായി വീണ്ടും യുഎസ്, ഓഹരികളിൽ ആശങ്ക

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തികനയങ്ങളിൽ തട്ടി 4 വർഷത്തെ താഴ്ചയിലേക്ക് നിലംപൊത്തി യുഎസ് ഡോളർ. യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങി 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 96.76 നിലവാരത്തിലേക്ക് ഇടിഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേൽക്കുമ്പോൾ (ഈ വർഷം ജനുവരി) 110ന് അടുത്തായിരുന്നു മൂല്യം. ജനുവരി-ജൂൺ കാലയളവിൽ ഡോളർ നേരിട്ട ഇടിവ് 10.4 ശതമാനമാണ്. 1973നു ശേഷമുള്ള ഏറ്റവും വലിയ തകർച്ച. ലോക സാമ്പത്തികമേഖലയെ ആകെ ഉലച്ച ട്രംപിന്റെ പകരംതീരുവ നയമാണ് പ്രധാനമായും വിനയായത്. ഇന്ത്യയും ചൈനയും ഉൾപ്പെടെ പ്രമുഖ രാജ്യങ്ങൾ ഡോളറിനെ കൈവിടുകയും (ഡിഡോളറൈസേഷൻ) സ്വന്തം കറൻസി ഉപയോഗിച്ചുള്ള രാജ്യാന്തര വ്യാപാര ഇടപാടുകൾക്ക് മുതിരുകയും ചെയ്തത് ഡോളറിനെ പിന്നോട്ടുനയിച്ചു. ട്രംപിന്റെ പ്രവചനാതീതമായ പല തീരുമാനങ്ങളും സൃഷ്ടിക്കുന്ന അനിശ്ചിതത്വം കറൻസി വിപണിയിൽ സൃഷ്ടിക്കുന്ന അസ്ഥിരതയാണ് രാജ്യങ്ങളെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്.ഡിസംബറോടെ അടിസ്ഥാന പലിശനിരക്ക് യുഎസ് ഫെഡ് കുറച്ചേക്കുമെന്നായിരുന്നു ആദ്യ സൂചനകൾ. ട്രംപിന്റെ കടുത്ത സമ്മർദമുള്ളതിനാൽ ഈ മാസമോ സെപ്റ്റംബറിലോ പലിശ കുറയാം. ഒറ്റയടിക്ക് ഒരു ശതമാനം കുറവ് പലിശയിൽ വേണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശനിരക്ക് കുറയുന്നത് യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), ബാങ്ക് നിക്ഷേപ പലിശ എന്നിവ കുറയാനിടയാക്കും. ഇതും ഡോളറിനെ കൂടുതൽ ദുർബലമാക്കും.ഗിഫ്റ്റ് നിഫ്റ്റിയിൽ നേരിയ നേട്ടംഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 0.03% മാത്രം നേട്ടത്തിലാണുള്ളത്. ഇത് സെൻസെക്സും നിഫ്റ്റിയും ഇന്ന് കാര്യമായ നേട്ടമില്ലാതെയോ നഷ്ടത്തിലോ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന നൽകുന്നു. സമഗ്ര വ്യാപാരക്കരാറിനു മുമ്പ് ‘മിനി വ്യാപാര കരാർ’ എന്ന നിലയിലേക്ക് ഇന്ത്യ-യുഎസ് ചർച്ച എത്തിയിരുന്നു. എന്നാൽ യുഎസിൽ നിന്നുള്ള കാർഷിക, പാലുൽപന്നങ്ങൾക്ക് തീരുവ ഇളവ് വേണമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ലാത്തതിനാൽ ചർച്ച ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണ്.
Source link