ധോനിക്ക് 10 ഓവര്‍ മുഴുവന്‍ ബാറ്റ് ചെയ്യാനാകില്ല; താരം നേരത്തേ ഇറങ്ങാത്തതിനേക്കുറിച്ച് ഫ്‌ളെമിങ്

ചെന്നൈ: എം.എസ്. ധോനി ടീമിനായി ഒമ്പതാമത്തെയോ പത്താമത്തെയോ ഓവറില്‍ ബാറ്റ് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ ആറ് റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ 16-ാം ഓവറില്‍ ഏഴാം നമ്പറിലാണ് ധോനി ക്രീസിലെത്തുന്നത്. 11 പന്തില്‍ നിന്ന് 16 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ സാധിച്ചത്. നേരത്തേ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ധോനി ഒമ്പതാം നമ്പറില്‍ ഇറങ്ങിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതോടെയാണ് ധോനിയുടെ ബാറ്റിങ് ഓര്‍ഡറിന്റെ കാര്യത്തില്‍ വ്യക്തതവരുത്തി പരിശീലകന്‍തന്നെ രംഗത്തെത്തിയിരിക്കുന്നത്.”ധോനിയുടെ ശരീരവും കാല്‍മുട്ടുകളും പഴയതുപോലെയല്ല. അദ്ദേഹം ഓടുന്നു എന്നത് ശരിതന്നെ. പക്ഷേ 10 ഓവര്‍ പൂര്‍ണമായി ഓടി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ല. അതിനാല്‍, ആ ദിവസം എന്താണ് നല്‍കാന്‍ കഴിയുക എന്ന് ധോനി വിലയിരുത്തും. കളിയുടെ സാഹചര്യമനുസരിച്ചാണ് ധോനി നേരത്തേ ഇറങ്ങണോ മറ്റ് കളിക്കാരെ ഇറക്കണോ എന്നകാര്യം തീരുമാനിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം കാര്യങ്ങള്‍ ബാലന്‍സ് ചെയ്യുന്നത്”, മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഫ്‌ളെമിങ് പറഞ്ഞു.
Source link