‘മകൾ കലക്ടറായെത്തുമ്പോൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കണം’; തമിഴ്‌നാട് സർക്കാരിലെ ആദ്യ വനിതാ ഡ്രൈവർ പറയുന്നു…

കോയമ്പത്തൂർ∙ കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ടു കൃത്യസമയത്ത് ഓടിച്ചെത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി ലാഘവത്തോടെ പാർക്ക് ചെയ്തിറങ്ങി. തമിഴ്‌നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറായ ആദ്യത്തെ വനിതയാണ് സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിയായ സുമിജ സിങ്കാനല്ലൂർ നീലക്കോണം പാളയത്താണു താമസം. തമിഴ്നാട്ടിലേക്കു ജോലിക്കായെത്തിയ പരേതനായ ശശിധരന്റെയും സരോജിനിയുടെയും മകളാണ് തമിഴ്നാട് റൂറൽ ഡെവലപ്മെന്റ് വകുപ്പിലെ സീനിയർ ഡ്രൈവറായ സുമിജ.പ്ലസ് ടു കഴിഞ്ഞ് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ഡ്രൈവിങ്ങിനോടുള്ള ഭ്രമം മൂത്ത് ലൈസൻസ് എടുത്തത്. പിന്നീട് വീടിനടുത്തുള്ള ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടറായി. ഇതിനിടയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ശിവകുമാറുമായി പ്രണയ വിവാഹവും കഴിഞ്ഞു. ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് ഡ്രൈവിങ് ലൈസൻസ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തത്.
Source link