റെക്കോർഡ് ചേസിങ്ങിനു പിന്നാലെ റെക്കോർഡ് തോൽവി, പാക്കിസ്ഥാനെ നാണംകെടുത്തി ന്യൂസീലൻഡ്; പരമ്പരയും കൈവിട്ടു

മൗണ്ട് മംഗനൂയി∙ മൂന്നാം ട്വന്റി20യിലെ വമ്പൻ വിജയത്തിന്റെ ചുവടുപിടിച്ച് തിരിച്ചുവരവിനിറങ്ങിയ പാക്കിസ്ഥാനെ കളി പഠിപ്പിച്ച് ന്യൂസീലൻഡ്. മൗണ്ട് മംഗനൂയിയിൽ നടന്ന നാലാം മത്സരത്തിൽ 115 റൺസ് വിജയം നേടിയ ന്യൂസീലൻഡ് പരമ്പര 3–1ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 16.2 ഓവറിൽ 105ന് പുറത്തായി. 20 പന്തിൽ 50 റൺസെടുത്ത കിവീസ് താരം ഫിൻ അലനാണു കളിയിലെ താരം. റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തോൽവിയാണിത്.മത്സരത്തിൽ ടോസ് നേടിയ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിപ്പോയെന്ന് വൈകാതെ തന്നെ അവർക്കു മനസ്സിലായിക്കാണണം. കിവീസ് ഓപ്പണർമാരായ ടിം സീഫർട്ടും ഫിൻ അലനും ഓപ്പണിങ് വിക്കറ്റിൽ അടിച്ചുകൂട്ടിയത് 59 റൺസ്. ഫിൻ അലൻ 20 പന്തിൽ 50ഉം സീഫർട്ട് 22 പന്തിൽ 44 ഉം റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ മൈക്കൽ ബ്രേസ്വെൽ 26 പന്തിൽ 46 റൺസെടുത്തു പുറത്താകാതെനിന്നു.
Source link