നഷ്ടദിനങ്ങൾക്ക് വീണ്ടും വിരാമമിട്ട് ഇന്ത്യൻ വിപണി, സ്വന്തമാക്കിയത് സമ്പൂർണ നേട്ടം

2025ലെ ഏറ്റവും മികച്ച ഉയരം കുറിച്ച ശേഷം മൂന്ന് ദിവസം തുടർച്ചയായി വീണ ഇന്ത്യൻ വിപണി ഇന്ന് വീണ്ടും തിരിച്ചു കയറി നേട്ടത്തിലെത്തി. ഇന്ന് 24744 പോയിന്റിൽ നേട്ടത്തിൽ വ്യാപാരമാരംഭിച്ച നിഫ്റ്റി 24946 പോയിന്റ് വരെ മുന്നറിയ ശേഷം ക്രമപ്പെട്ട് 129 പോയിന്റ് നേട്ടത്തിൽ 24813 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 410 പോയിന്റുകൾ മുന്നേറി 81596 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും, ഫിൻ നിഫ്റ്റിയും, ഐടി സെക്ടറും നേട്ടമുണ്ടാക്കിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് സൂചികയൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും സൂചികകളും നേട്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം മുന്നേറ്റം നടത്തിയ ഡിഫൻസ് ഓഹരികൾ ലാഭമെടുക്കൽ നേരിട്ടിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിനും, മികച്ച റിസൾട്ടിനെ തുടർന്ന് ഭാരത് ഇലക്ട്രോണിക്സിനും ഉയർന്ന ലക്ഷ്യവിലകൾ സൂചിപ്പിക്കപ്പെട്ടത് വീണ്ടും ഡിഫൻസിന് അനുകൂലമായി. ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡേറ്റ പാറ്റേൺസ് മുതലായ ഓഹരികൾ 3%ൽ കൂടുതൽ മുന്നേറിയപ്പോൾ അപ്പോളോ മൈക്രോ 8% നേട്ടം കുറിച്ചു. യുദ്ധഭീതി വീണ്ടും അമേരിക്കൻ വിപണിക്ക് പിന്നാലെ ഇന്ന് ജാപ്പനീസ് വിപണിയും നഷ്ടത്തിൽ ക്ളോസ് ചെയ്‌തെങ്കിലും മറ്റ് ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്ന ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
Source link