നാലാംപാദത്തിൽ വമ്പൻ നഷ്ടം; ഒപ്പം തട്ടിപ്പും, എന്നിട്ടും നേട്ടത്തിലേക്ക് യു-ടേൺ അടിച്ച് ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിൽ (ജനുവരി-മാർച്ച്) പ്രതീക്ഷിച്ചതിനേക്കാൾ കനത്ത നഷ്ടം (net loss) നേരിടുകയും ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ തട്ടിപ്പ് (fraud) നടന്നെന്ന് സമ്മതിക്കുകയും ചെയ്ത സ്വകാര്യബാങ്കായ ഇൻഡസ്ഇൻഡ് ബാങ്കിന്റെ (IndusInd Bank) ഓഹരികൾ നിലവിൽ വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ! ഓഹരിവില കുത്തനെ ഇടിയുമെന്ന് ഏവരും കരുതിയെങ്കിലും കടകവിരുദ്ധമായി, വില ഇന്നു പച്ചതൊടുകയായിരുന്നു. വ്യാപാരം തുടങ്ങിയത് 6 ശതമാനം വരെ നഷ്ടത്തിലായിരുന്നെങ്കിലും അതിവേഗം ഓഹരി നേട്ടത്തിന്റെ ട്രാക്ക് പിടിച്ചു.ഇന്നലെ വ്യാപാരാന്ത്യത്തിലെ 769.95 രൂപയിൽ നിന്ന് ഇന്ന് ആദ്യ മിനിട്ടുകളിൽ തന്നെ ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി 725.80 രൂപവരെ ഇടിഞ്ഞിരുന്നെങ്കിലും വൈകാതെ തന്നെ 796.70 രൂപയിലേക്ക് കരകയറി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ചാഞ്ചാട്ടം ശക്തം. ഉച്ചയ്ക്ക് 12.19ന് ഓഹരിവിലയുള്ളത് 0.17% നേട്ടത്തോടെ 771.25 രൂപയിൽ. തുടരെ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതും ഉന്നതരുടെ രാജിയുമാണ് ബാങ്കിനെ നിലവിൽ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞപാദത്തിൽ അറ്റ പലിശ വരുമാനം (NII) 5,376 കോടി രൂപയിൽ നിന്ന് 43% ഇടിഞ്ഞ് 3,048 കോടി രൂപയായതും തിരിച്ചടിയായി. അറ്റ പലിശ മാർജിൻ (NIM) 2.01 ശതമാനം ഇടിഞ്ഞ് 2.25 ശതമാനമായതും ആശങ്കയാണ്. കിട്ടാക്കടം (bad loans) തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത അഥവാ പ്രൊവിഷൻസ് (Provisions) 950 കോടി രൂപയിൽ നിന്ന് 2,522 കോടി രൂപയായി ഉയർത്തിയത് ബാങ്കിനെ നഷ്ടത്തിലേക്ക് വീഴ്ത്തുകയായിരുന്നു.അതേസമയം, വിവിധ ബ്രോക്കറേജുകൾ സമ്മിശ്ര റേറ്റിങ്ങാണ് നിലവിലെ സാഹചര്യത്തിൽ ബാങ്കിന്റെ ഓഹരികൾക്ക് നൽകുന്നത്. നിർമൽ ബാങ് (Niramal Bang) 730 രൂപയാണ് ലക്ഷ്യവില (target price) നൽകിയിരിക്കുന്നത്. നുവമ 750 രൂപയിൽ നിന്ന് 600 രൂപയാക്കി. മോത്തിലാൽ ഓസ്വാളും 850ൽ നിന്ന് 650 രൂപയിലേക്ക് ലക്ഷ്യവില താഴ്ത്തി. 660 രൂപയാണ് എച്ച്എസ്ബിസി കൽപിക്കുന്നത്.
Source link