നേട്ടങ്ങളെല്ലാം കൈവിട്ട് ഇന്ത്യൻ വിപണി, മാർച്ചിൽ എന്താകും കാര്യങ്ങൾ? അവസരമോ അതോ ആശങ്കയോ?

വെള്ളിയാഴ്ച്ചത്തെ അതിവീഴ്ചയോടെ 29 വർഷത്തിന് ശേഷമുള്ള ഏറ്റവും ദീർഘമേറിയ തിരുത്തൽ നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 12%ൽ കൂടുതൽ നഷ്ടം കുറിച്ചു. വിദേശഫണ്ടുകൾ 11,639 കോടി രൂപയുടെ വില്പന നടത്തിയ വെള്ളിയാഴ്ചത്തെ1.86% വീഴ്ചയോടെ നിഫ്റ്റി ഫെബ്രുവരിയിൽ 6%വും റെക്കോർഡ് ഉയരത്തിൽ നിന്നും 14%ത്തിൽ കൂടുതലും നഷ്ടം കുറിച്ചുകൊണ്ട് 22124 പോയിന്റിലാണ് ക്ളോസ് ചെയ്തത്. നിഫ്റ്റി ഐടി കഴിഞ്ഞ ആഴ്ചയിൽ 8% വീണപ്പോൾ പൊതു മേഖല ബാങ്കുകളും റിയൽറ്റി, എനർജി സെക്ടറുകളും 5%ൽ കൂടുതലും തകർന്നു. നിഫ്റ്റി നെക്സ്റ്റ്-50, സ്‌മോൾ & മിഡ് ക്യാപ് സൂചികകൾ എന്നിവയും കഴിഞ്ഞ ആഴ്ചയിൽ 5%ൽ കൂടുതൽ വീണത് നിക്ഷേപക-ആസ്തിയിൽ വലിയ വീഴ്ചക്ക് കാരണമായി. സെലെൻസ്‌കിയും ട്രംപും തമ്മിലുള്ള ചർച്ച അലസിയ വെള്ളിയാഴ്ച പിസിഇ പണപ്പെരുപ്പഡേറ്റ അനുമാനത്തിനൊപ്പം നിന്നതിനെത്തുടർന്ന് അമേരിക്കൻ വിപണി തിരിച്ചു കയറി നഷ്ടം നികത്തിയത് തിങ്കളാഴ്ച ഏഷ്യൻ വിപണികളുടെയും ആരംഭം മികച്ചതാക്കിയേക്കാം. എങ്കിലും ഇന്ത്യയുടെ ജിഡിപി വളർച്ചയിലെ തിരിച്ചു വരവ് കൂടി കണക്കിലെടുത്ത് വിദേശഫണ്ടുകൾ മികച്ച വിലകളിൽ ഇന്ത്യൻ വിപണിയിൽ വാങ്ങൽ ആരംഭിച്ചാൽ മാത്രമേ ഇന്ത്യൻ വിപണിയില്‍ പരിഭ്രാന്തി ഒഴിയൂ. അതിന് ചൈന/dക്കൊപ്പം ഇന്ത്യയും ആകര്‍ഷകമാണെന്ന നില വന്നേ തീരൂ. ഇന്ത്യൻ വിപണിയുടെ വീഴ്ച വിവിധ സമ്മർദ്ദങ്ങളെ തുടർന്നുള്ള ടെക്നിക്കൽ കറക്ഷൻ മാത്രമാണെന്നും അല്ലാതെ കാര്യമായ സാമ്പത്തികകാരണങ്ങളുടെ ഫലമല്ലെന്നുമാണ്, ജെഫറീസിന്റെ മേധാവി ക്രിസ് വുഡ്സിന്റെ പക്ഷം.
Source link