തിരിമറി നടത്തി ഇന്ത്യയിൽ നിന്ന് തട്ടിയത് 36,500 കോടി; യുഎസ് കമ്പനി ജെയിൻ സ്ട്രീറ്റിനെ വിലക്കിട്ടു പൂട്ടി സെബി

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തിരിമറി നടത്തി 36,500 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയ യുഎസ് നിക്ഷേപ സ്ഥാപനമായ ജെയിൻ സ്ട്രീറ്റ് ഗ്രൂപ്പിനും അനുബന്ധ സ്ഥാപനങ്ങൾക്കും ഇടക്കാല വിലക്കേർപ്പെടുത്തി ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). ജെയിൻ സ്ട്രീറ്റിനോട് ഉടനടി 4,843.57 കോടി രൂപ എസ്ക്രോ അക്കൗണ്ടിൽ (മൂന്നാം കക്ഷി അക്കൗണ്ട്) കെട്ടിവയ്ക്കാനും സെബി ആവശ്യപ്പെട്ടു. ജെയിൻ സ്ട്രീറ്റിന്റെയും അനുബന്ധ കമ്പനികളുടെയും ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകൾ, ഡിമാറ്റ് അക്കൗണ്ടുകൾ എന്നിവ മരവിപ്പിക്കാനും പണം പിൻവലിക്കുന്നത് തടയാനും സെബി ബാങ്കുകൾ ഉൾപ്പെടെയുള്ളവയോട് നിർദേശിച്ചിട്ടുണ്ട്. സെബിയുടെ അനുമതിയോടെ മാത്രമേ എസ്ക്രോ അക്കൗണ്ടിലെ പണവും ഇനി ജെയിനിന് പിൻവലിക്കാനാകൂ. സെബിയുടെ പരിശോധനയിൽ, 18 ദിവസങ്ങളിലായി മാത്രം കമ്പനി തിരിമറിയിലൂടെ നേടിയ ലാഭമാണ് ഈ 4,843.57 കോടി രൂപ. ഇതാണ് കെട്ടിവയ്ക്കാൻ ആവശ്യപ്പെട്ടതും. രണ്ടുവർഷത്തെ പ്രവർത്തനത്തിലൂടെ കമ്പനി 36,000 കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.ഓഹരി വിപണിയിലെ അവധി വ്യാപാര (ഡെറിവേറ്റീവ്സ്) ഇടപാടുകളിലാണ് ജെയിൻ സ്ട്രീറ്റ് തിരിമറി നടത്തിയതെന്ന് സെബിയുടെയും എൻഎസ്ഇയുടെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചും കമ്പനി തട്ടിപ്പ് തുടരുകയായിരുന്നെന്ന് സെബിയുടെ റിപ്പോർട്ടിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സെബി അടിയന്തരമായി ഇടപെട്ട് വിലക്കേർപ്പെടുത്തിയത്.36,500 കോടിയുടെ തട്ടിപ്പ്സെബി പരിശോധനയ്ക്കു വിധേയമാക്കിയ 2023 ജനുവരി മുതൽ 2025 മാർച്ചുവരെയുള്ള കാലയളവിൽ മാത്രം ജെയിനും അനുബന്ധ സ്ഥാപനങ്ങളും 36,500 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. ജെയിൻ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് 6,929.56 കോടി രൂപ, ജെഎസ്ഐ ഇൻവെസ്റ്റ്മെന്റ്സ് 4,104.61 കോടി രൂപ, ജെയിൻ സ്ട്രീറ്റ് സിംഗപ്പുർ 25,636.62 കോടി രൂപ എന്നിങ്ങനെയാണ് ഇക്കാലയളവിൽ നേടിയ വരുമാനം. ജെഎസ്ഐ2 ഇൻവെസ്റ്റ്മെന്റ്സ് എന്ന കമ്പനി 168.67 കോടി രൂപ നഷ്ടവും നേരിട്ടു. ന്യൂയോർക്ക് ആസ്ഥാനമായ ട്രേഡിങ് സ്ഥാപനമാണ് ജെയിൻ സ്ട്രീറ്റ്. തുടക്കം 2000ൽ. യൂറോപ്പിലും ഏഷ്യയിലും യുഎസിലുമായി 2,600ഓളം ജീവനക്കാരുമുണ്ട്. സെബിയുടെ നടപടിയിന്മേൽ മറുപടി നൽകാൻ 21 ദിവസത്തെ സമയം ജെയിനിന് അനുവദിച്ചിട്ടുണ്ട്.
Source link