പകരച്ചുങ്കത്തിൽ ചർച്ചയ്ക്ക് യുഎസ്; ഓഹരികൾക്ക് കരകയറ്റം, 1400 പോയിന്റ് കയറി ഡൗ ജോൺസ്

ഇന്ത്യ ഉൾപ്പെടെ 180ലേറെ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരച്ചുങ്കത്തിന്മേൽ ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് സൂചിപ്പിച്ചതിനെ തുടർന്ന് ഓഹരി വിപണികൾക്ക് കരകയറ്റം. യുഎസ് ഓഹരി സൂചികകളായ ഡൗ ജോൺസ് 1,400 പോയിന്റും (+3.30%) എസ് ആൻഡ് പി500 സൂചിക 172 പോയിന്റും (+3.40%) നാസ്ഡാക് 604 പോയിന്റും (+3.94%) ഉയർന്നാണ് ഇപ്പോൾ വ്യാപാരം ചെയ്യുന്നത്.ഏകദേശം 70 രാജ്യങ്ങൾ നിലവിൽ യുഎസുമായി ചർച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായി വൈറ്റ്ഹൗസ് വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ ഓഹരി വിപണിയുടെ കനത്ത വീഴ്ചയെ തുടർന്ന് തരിപ്പണമായ ആപ്പിൾ ഓഹരികൾ ഇപ്പോൾ 4% ഉയർന്ന് വ്യാപാരം ചെയ്യുന്നു. എൻവിഡിയ, മെറ്റ, ടെസ്‍ല, ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയും 4-6% ഉയർന്നിട്ടുണ്ട്.ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഭീമമായ തകർച്ചകളിലൊന്ന് നേരിട്ട ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച 3,914 പോയിന്റ് കൂപ്പുകുത്തിയ സെൻസെക്സ് ഇന്ന് 1,089 പോയിന്റും ഇന്നലെ 1,146 പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 374 പോയിന്റും കരകയറി.
Source link