പകരച്ചുങ്കത്തിൽ നടുങ്ങി ഏഷ്യൻ വിപണികൾ, യുഎസിനും തിരിച്ചടി; ‘ചാഞ്ചാടി’ സ്വർണവില, ഇടിഞ്ഞ് ബിറ്റ്കോയിനും

ഹോങ്കോങ് ∙ കോവിഡ് മഹാമാരിക്കു ശേഷം ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം. വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ താഴേക്ക് കൂപ്പുകുത്തി. യുഎസ് ഓഹരികള്‍ക്കൊപ്പം എണ്ണവിലയും ഇടിഞ്ഞതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വിപണികൾ നേരിടുന്നത്. ടോക്കിയോയിലെ നിക്കി ഓഹരി വിപണി 2.6% ഇടിഞ്ഞ് 33,818.18 ലും കൊറിയയുടെ കോസ്പി ഓഹരി വിപണി 0.8% ഇടിഞ്ഞ് 2,467.14 ലും എത്തി. ഓസ്‌ട്രേലിയയുടെ എസ് & പി / എഎസ്‌എക്സ് ഓഹരി വിപണി 1.9% ഇടിഞ്ഞ് 7,713.60 ലെത്തി. അതിനിടെ യുഎസിന്റെ ഈ വർഷത്തെ സാമ്പത്തിക വളർച്ചയെ പകരച്ചുങ്കം പ്രഖ്യാപനം 2 ശതമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. പണപ്പെരുപ്പം 5% ത്തോട് അടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോകത്തെ ഏതാണ്ട് 185 ഓളം രാജ്യങ്ങൾക്കുമേൽ ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം യുഎസിനു തന്നെ വിനയാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമാണ് സാമ്പത്തിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിനു പിന്നാലെ യുഎസ് ഓഹരി വിപണികൾ നിലംപൊത്തുകയും ചെയ്തു. ഡൗ ജോൺസ് 1,200 പോയിന്റാണ് (3 ശതമാനത്തോളം) വ്യാപാരത്തുടക്കത്തിൽ തന്നെ ഇടിഞ്ഞത്. എസ് ആൻഡ് പി 500 സൂചിക 3.41 ശതമാനവും ടെക് ഭീമന്മാർക്ക് മുൻതൂക്കമുള്ള നാസ്ഡാക് 4.46 ശതമാനവും (800 പോയിന്റോളം) കൂപ്പുകുത്തിയാണ് വ്യാപാരം ചെയ്യുന്നത്. യൂറോപ്യൻ വിപണികളും തകർച്ചയിലാണ്.
Source link