ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നാലാംപാദ ലാഭത്തിൻ വൻ വർധന; ലാഭവിഹിതം പ്രഖ്യാപിച്ചു

മലയാളിയായ ഡോ. ആസാദ് മൂപ്പൻ (Dr. Azad Moopen) നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് (Aster DM Healthcare) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിൽ (ജനുവരി-മാർച്ച്) 85.54 കോടി രൂപയുടെ സംയോജിത ലാഭം (Consolidated net profit). മുൻവർഷത്തെ സമാനപാദത്തിൽ ആസ്റ്റർ നേരിട്ടത് 2.17 കോടി രൂപയുടെ നഷ്ടമായിരുന്നു (net loss). പ്രവർത്തന വരുമാനം (Revenue from operations) 973.59 കോടി രൂപയിൽ നിന്ന് 1,000.34 കോടി രൂപയായും മൊത്ത വരുമാനം (total income) 977.67 കോടി രൂപയിൽ നിന്ന് 1,031.62 കോടി രൂപയായും വർധിച്ചെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.ഇന്ത്യയിലെയും ഗൾഫിലെയും ബിസിനസ് പ്രവർത്തനങ്ങൾ കമ്പനി വിഭജിച്ചിരുന്നു. 2024 ഏപ്രിൽ 3നാണ് വിഭജന പ്രക്രിയകൾ പൂർത്തിയായത്. വിഭജന നടപടികളുടെ ഭാഗമായി, ഗൾഫ് ബിസിനസ് പ്രവർത്തനം നിർത്തിയതു വഴിയുണ്ടായ നഷ്ടവും (43.55 കോടി രൂപ) നികുതിച്ചെലവുകളുമാണ് മുൻവർഷത്തെ നാലാംപാദത്തിൽ ആസ്റ്ററിന്റെ ലാഭത്തെ ബാധിച്ചത്. അതേസമയം, ഗൾഫ് ബിസിനസ് വിഭജനത്തിന്റെ ഭാഗമായി അഫിനിറ്റി ഹോൾഡിങ്സിൽ (Affinity Holdings Private Limited) നിന്ന് ആസ്റ്ററിന് 5,.996.96 കോടി രൂപ ലാഭവിഹിതം (dividend) ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ലാഭം കുതിച്ചുയരാൻ വഴിയൊരുക്കി.ഗൾഫ് ബിസിനസ് വിഭജനാനന്തരം ഓഹരി ഉടമകൾക്ക് ആസ്റ്റർ ഓഹരിക്ക് 118 രൂപ വീതം സ്പെഷൽ ഡിവിഡന്റ് (special dividend) 2024 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഓഹരിക്ക് 4 രൂപ വീതം ഇടക്കാല ലാഭവിഹിതവും (interim dividend). ആസ്റ്റർ ഗ്രൂപ്പും ഫജ്ർ ക്യാപിറ്റലും ചേർന്നുള്ള സംയുക്ത സംരംഭമായ ആൽഫയാണ് ആസ്റ്ററിന്റെ ഗൾഫ് ബിസിനസിനെ ഇപ്പോൾ നയിക്കുന്നത്. ആൽഫയിൽ 35% ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന അഫിനിറ്റി.
Source link