പഞ്ചാബ് ബെഞ്ചിലിരുത്തിയ മാണിക്യം, മുംബൈയുടെ കണ്ടെത്തല്‍; കൊല്‍ക്കത്തയെ എറിഞ്ഞിട്ട അശ്വനി

ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കണ്ടവര്‍ മുംബൈയുടെ ഒരു ഇടംകൈയന്‍ പേസറെ മറക്കാനിടയില്ല. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയ ഈ 23-കാരന്റെ പേര് അശ്വനി കുമാര്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരം എറിഞ്ഞിട്ടത് നാലു വിക്കറ്റുകളാണ്. രഹാനെയെ കൂടാതെ റിങ്കു സിങ്, മനീഷ് പാണ്ഡെ, വമ്പനടിക്കാരന്‍ ആന്ദ്രേ റസ്സല്‍ എന്നിവരാണ് അശ്വനിക്ക് ഇരകളായത്. ഐപിഎല്‍ അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ ബൗളര്‍ നാലു വിക്കറ്റ് വീഴ്ത്തുന്നത് ഇതാദ്യമായാണ്.മൊഹാലിയില്‍ ജനിച്ച അശ്വനി, ഷേര്‍-ഇ-പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഡെത്ത് ഓവറുകളിലെ മികവിന് പേരുകേട്ട ഈ യൂവതാരത്തെ 2025-ലെ മെഗാതാരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. യുവ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിലെ മികവ് മുംബൈ ആവര്‍ത്തിച്ചു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു അശ്വനി. പക്ഷേ ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ല. പഞ്ചാബ് ബെഞ്ചിലിരുത്തിയ മാണിക്യത്തെ ഇത്തവണ മുംബൈ കണ്ടെത്തുകയായിരുന്നു.
Source link