WORLD
പട്ടാപ്പകൽ റോഡിലൂടെ ‘ഓട്ടമത്സരം’; മിന്നൽ വേഗത്തിൽ പാഞ്ഞത് പത്തിലധികം കാട്ടുപന്നികൾ – വിഡിയോ

മലപ്പുറം∙ വണ്ടൂരിൽ പട്ടാപ്പകൽ കാട്ടുപന്നികളുടെ ഓട്ട‘മത്സരം’. കാപ്പിൽ അങ്ങാടിയിൽ ബസ് വെയിറ്റിങ് ഷെഡിനു സമീപം റോഡിലൂടെയായിരുന്നു പ്രദേശവാസികളെ ഭീതിയിലാക്കി കാട്ടുപന്നികൾ റോഡിലൂടെ പാഞ്ഞത്. ഇന്നലെ വൈകിട്ട് 6 മണിയോടെ റോഡിൽ ആളുകൾ നിൽക്കുന്നതിനിടെയാണ് പത്തിലധികം കാട്ടുപന്നികൾ മിന്നൽ വേഗത്തിൽ ഓടിപ്പോയത്. കാട്ടുപന്നികൾ ഓടിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഈ സമയം എതിരെ കാൽനട യാത്രക്കാരോ വാഹനങ്ങളോ വരാതിരുന്നത് രക്ഷയായതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം നടുവത്ത് മൂച്ചിക്കൽ ഭാഗങ്ങളിൽ കാട്ടുപന്നി വ്യാപക കൃഷി നാശം വരുത്തിയിരുന്നു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
Source link