കോലിയുടെ പടിയിറക്കം തൂവെള്ള ജേഴ്സിയിലെ ആ ആഗ്രഹം ബാക്കിവെച്ച്

ഒടുവില്‍ ബിസിസിഐക്കും വിരാട് കോലിയെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിച്ചില്ല. രോഹിത് ശര്‍മയ്ക്കു പിന്നാലെ അങ്ങനെ കോലിയും ഇന്ത്യയുടെ വെളുത്ത വസ്ത്രം അഴിച്ചുവെച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45-ഓടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചത്. ഈ തീരുമാനം എളുപ്പമല്ലെന്നും താന്‍ പ്രതീക്ഷിച്ചതിലേറെ ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് തിരിച്ചുതന്നിട്ടുണ്ടെന്നും കോലി പോസ്റ്റില്‍ വ്യക്തമാക്കി.കോലിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ബിസിസിഐ ശ്രമിച്ചെങ്കിലും തന്റെ കരിയറിലെ ഒരു മഹത്തായ അധ്യായത്തിന് അന്ത്യം കുറിക്കാന്‍ ശരിയായ സമയമാണിതെന്ന് പറഞ്ഞ് അദ്ദേഹം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്വന്തമാക്കാന്‍ മോഹിച്ച ഒരു ആഗ്രഹം ബാക്കിവെച്ചാണ് കോലി പടിയിറങ്ങുന്നത്. താരത്തിന്റെ വിരമിക്കലിനു പിന്നാലെ അദ്ദേഹത്തിന്റെ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ താന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹം മനസുതുറക്കുന്നുണ്ട്. ടെസ്റ്റില്‍ 10,000 റണ്‍സ് നേടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കോലി ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നതും.
Source link