‘പരസ്യമായി പറഞ്ഞത് തെറ്റ്; എത്ര വർഷം പ്രവർത്തിച്ചു എന്നതല്ല, മെറിറ്റും മൂല്യവുമാണ് പരിഗണിക്കുന്നത്’

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതിയിലേക്ക് മന്ത്രി വീണാ ജോര്‍ജിനെ ക്ഷണിതാവാക്കിയതിനെതിരെ പരസ്യപ്രതികരണം നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാറിന് എതിരെ നടപടിയുണ്ടാകുമെന്ന സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പത്മകുമാറിന്റെ നടപടി സംഘടനാപരമായി തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ‘‘വിഷയം സംസ്ഥാനസമിതി ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി ഇക്കാര്യം കൃത്യമായി പരിശോധിക്കും. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതു സംഘടനാപരമായി തെറ്റാണ്. അത്തരം നിലപാട് ആരൊക്കെ സ്വീകരിച്ചിട്ടുണ്ടോ അവര്‍ക്കെതിരെ സംഘടനാപരമായ നിലപാട് പാര്‍ട്ടിയും സ്വീകരിക്കും. ആര് ചെയ്തു എന്നതു പ്രശ്‌നമല്ല. എത്രവര്‍ഷം പ്രവര്‍ത്തിച്ചു എന്നതല്ല പ്രധാനം. പഴയ നേതാക്കളും പുതിയ നേതാക്കളും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ മെറിറ്റും മൂല്യവുമാണ് പരിഗണിക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നവീകരണമാണ് ബ്രാഞ്ച് തലം മുതല്‍ മുകളിലേക്കു നടന്നത്. പി.ജയരാജനെ ഒഴിവാക്കിയതുള്‍പ്പെടെ കാര്യങ്ങള്‍ പാര്‍ട്ടിക്കു ബോധ്യമുണ്ട്. മെറിറ്റും മൂല്യവും ഓരോരുത്തര്‍ക്കും വ്യക്തിപരമായി ബോധ്യപ്പെടേണ്ട കാര്യമാണ്. അതു ബോധ്യപ്പെടാത്തവരെ ബോധ്യപ്പെടുത്തും.’’ – എം.വി.ഗോവിന്ദന്‍ പറഞ്ഞു. എം.സ്വരാജ് കൂടുതല്‍ ശ്രദ്ധിക്കണമെന്നും അവൈലബിള്‍ കമ്മിറ്റികളില്‍ കൂടുതല്‍ പങ്കെടുക്കണമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
Source link