പലസ്തീൻകാരെ ആഫ്രിക്കയിലേക്ക് കുടിയൊഴിപ്പിക്കാൻ യുഎസും ഇസ്രയേലും

ജറുസലേം: യുദ്ധം തരിപ്പണമാക്കിയ ഗാസയിലെ 20 ലക്ഷത്തോളംവരുന്ന പലസ്തീൻകാരെ അറബ് രാഷ്ട്രങ്ങളിലേക്ക് നാടുകടത്താനുള്ള പദ്ധതി പൊളിഞ്ഞതിനുപിന്നാലെ, അവരെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കുന്നതിന് യുഎസും ഇസ്രയേലും ശ്രമിക്കുന്നു. ഗാസക്കാരെ സ്വീകരിക്കണമെന്ന് യുഎസും ഇസ്രയേലും മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സുഡാൻ, സൊമാലിയ, സൊമാലിയയിൽനിന്ന് ഭിന്നിച്ചുപോയ സൊമാലിലാൻഡ് എന്നിവിടങ്ങളിലെ ഭരണകൂടവുമായാണ് യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ ചർച്ച നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘യുദ്ധാനന്തര ഗാസാപദ്ധതി’ എന്നുപറഞ്ഞാണ് ഇത് മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, നിർദേശം തള്ളിക്കളഞ്ഞെന്ന് സുഡാൻ പ്രതികരിച്ചു. ചർച്ചയെക്കുറിച്ച് സൊമാലിയയും സൊമാലിലാൻഡും പ്രതികരിച്ചിട്ടില്ല.
Source link