പഹൽഗാം ഭീകരാക്രമണം; പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചേക്കും, സൈനികനടപടിയും പരിഗണനയില്‍

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ നയതന്ത്ര- സൈനിക നടപടികള്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും ഇന്ത്യ വിഛേദിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്താനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളാണ് ഇന്ത്യ നടപ്പാക്കുകയെന്നാണ് സൂചനകള്‍. മാത്രമല്ല, ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. ഇന്ത്യക്കാരുടെ പാകിസ്താനിലേക്കുള്ള യാത്രയ്ക്കും വിലക്ക് കൊണ്ടുവന്നേക്കും. ഇന്ത്യാ- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പുര്‍ ഇടനാഴി അടയ്ക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്താനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കും. പാകിസ്താനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികളും നിരോധിച്ചേക്കും.
Source link