INDIA

പിടിവാശി കൈവിട്ട് പവൽ; പലിശ കുറയ്ക്കാൻ സമ്മതം, മുന്നേറി സ്വർണവും ഓഹരിയും, ഡോളർ വീണു, കേരളത്തിലും സ്വർണവില ‘കത്തും’


ഒടുവിൽ, കടുംപിടിത്തം ഉപേക്ഷിച്ച് യുഎസ് കേന്ദ്രബാങ്കിന്റെ ചെയർമാൻ ജെറോം പവൽ. അമേരിക്കൻ സമ്പദ്മേഖലയിൽ നിന്ന് വെല്ലുവിളികൾ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനാകുംവിധം സാഹചര്യം മാറിയെന്ന് ഇന്നലെ ജാക്സൺ ഹോൾ സിംപോസിയത്തിൽ പവൽ പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ തുടരുകയാണ്. ജനുവരിയിൽ പ്രസിഡന്റ് പദത്തിൽ ഏറിയതുമുതൽ ഡോണൾഡ് ട്രംപ് പലതവണ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പവൽ വഴങ്ങിയിരുന്നില്ല. അമേരിക്കൻ സമ്പദ്‍വ്യവസ്ഥയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ഇതോടെ പവലിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നു. പുറമെ, ‘മണ്ടൻ’, ‘ടൂ ലേറ്റ് പവൽ’ എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.എന്നാൽ, ബാഹ്യസമ്മർദത്തിന് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതി (എഫ്ഒഎംസി) വഴങ്ങുന്ന കീഴ്‍വഴക്കമില്ലെന്നും വിപണി സാഹചര്യങ്ങൾ വിലയിരുത്തിയാണ് പണനയം പ്രഖ്യാപിക്കുകയെന്നുമാണ് പവൽ പറഞ്ഞത്. പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ അമേരിക്കയിൽ പണപ്പെരുപ്പം കൂടാനിടയാക്കുമെന്ന തന്റെ വാദം പവൽ ഇന്നലെയും ആവർത്തിച്ചു. എങ്കിലും, താരിഫ് സൃഷ്ടിക്കുന്ന ആഘാതം ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പലിശനിരക്ക് കുറയ്ക്കാനാകുമെന്നും എന്നാൽ കരുതലോടെയായിരിക്കും തീരുമാനമെന്നും പവൽ ഇന്നലെ വ്യക്തമാക്കിയത്. സെപ്റ്റംബറിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത യോഗം. സെപ്റ്റംബറിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയാണ് തെളി‍ഞ്ഞത്.ജെറോം പവൽ പലിശനിരക്ക് കുറയ്ക്കാമെന്ന നിലപാടിലേക്ക് കളംമാറ്റിയത്, തന്റെ വിജയമായി ഉയർത്തിക്കാട്ടാൻ ട്രംപ് ശ്രമിക്കും. ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്ന കാര്യവുമാണ് പലിശയിൽ ഇളവ് വേണമെന്നത്. താരിഫ് നയം മൂലം യുഎസിൽ അവശ്യവസ്തുക്കൾക്ക് വില കൂടിയതിന്റെ നീരസം ജനങ്ങൾക്കുണ്ട്. പലിശയിളവ് ഉറപ്പാക്കുകവഴി ഈ നീരസം കുറയ്ക്കാനാകുമെന്ന് ട്രംപ് കരുതുന്നു.വീണുടഞ്ഞ് ഡോളറും ബോണ്ടുംപലിശനിരക്ക് കുറയാനുള്ള വഴിതെളിഞ്ഞത് യുഎസ് ഡോളറിനും യുഎസ് കടപ്പത്രങ്ങൾക്കും തിരിച്ചടിയായി. കാരണം, പലിശനിരക്ക് താഴുമ്പോൾ ആനുപാതികമായി യുഎസ് ട്രഷറി യീൽഡ് (കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായനിരക്ക്) താഴും. ഇത് നിക്ഷേപം കുറയാനിടയാക്കും. ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറയുമെന്നത് അവയെയും അനാകർഷകമാക്കും. നിക്ഷേപമൊഴുക്ക് തളരുമ്പോൾ ഡോളറും ദുർബലമാകും.


Source link

Related Articles

Back to top button