പിന്നോട്ടില്ലെന്ന് ട്രംപ്; വഴങ്ങില്ലെന്ന് ഇന്ത്യയും ഇന്ത്യൻ ഓഹരികളും, പകരച്ചുങ്കം പുനഃസ്ഥാപിച്ചു, പാക്കിസ്ഥാന് 19%, കാനഡയ്ക്കും ചൈനയ്ക്കും ‘വമ്പൻ’ പണി

യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടാൻ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതോടെ, ഇനിയും കരാർ ചർച്ചകൾക്ക് തയാറാകാത്ത 69ഓളം രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം കുത്തനെ കൂട്ടി അടിച്ചേൽപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി സാവകാശം നൽകില്ലെന്ന് വ്യക്തമാക്കി 10 മുതൽ 41% വരെ പകരച്ചുങ്കമാണ് (റെസിപ്രോക്കൽ താരിഫ്) ട്രംപ് പ്രഖ്യാപിച്ചത്. സിറിയയ്ക്കാണ് കൂടുതല്‍ തിരിച്ചടി; തീരുവ 41%. സ്വിറ്റ്സർലൻഡിന് 39%, ഏഷ്യൻ രാജ്യങ്ങളായ മ്യൻമറിനും ലാവോസിനും 30% വീതം, ഇറാക്കിന് 35%. തായ്‍വാൻ, ഇന്ത്യ, വിയറ്റ്നാം എന്നിവ 20-25% വിഭാഗത്തിലാണുള്ളത്. തായ്‍ലൻഡിന്റെ തീരുവ 36ൽ നിന്ന് 19 ശതമാനത്തിലേക്ക് കുറച്ചു. തായ്‍വന്റേത് 32ൽ നിന്ന് 20 ശതമാനവുമാക്കി. ഇറാക്ക്, സെർബിയ, ലബിയ, അൾജീരിയ എന്നിവ 30-35 ശതമാനം വിഭാഗത്തിലാണുള്ളത്. മെക്സിക്കോയുടെ തീരുവ 30ൽ നിന്ന് 25 ശതമാനത്തിലേക്ക് കുറച്ച ട്രംപ്, ചർച്ചകൾക്ക് 90 ദിവസത്തെ സാവകാശവും അനുവദിച്ചു. ട്രംപ് പുതുതായി പകരച്ചുങ്കം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങൾക്ക് 10% അടിസ്ഥാന തീരുവ മാത്രമായിരിക്കും ബാധകം. 19 ശതമാനം തീരുവയാണ് ട്രംപിന്റെ ‘പുതിയ സുഹൃദ് രാജ്യമായ’ പാക്കിസ്ഥാനുള്ള തീരുവ.തൊട്ടയൽ രാജ്യമായ കാനഡയ്ക്കുമേൽ ട്രംപ് നിലപാട് കടുപ്പിച്ചു. തീരുവ 25ൽ നിന്ന് 35 ശതമാനമായി കൂട്ടി. അതേസമയം, മെക്സിക്കോ-യുഎസ്-കാനഡ സ്വതന്ത്ര വ്യാപാരക്കരാറിൽ ഉൾപ്പെടുന്ന ഉൽപന്നങ്ങൾക്ക് ഇതു ബാധകമല്ല. അതേസമയം, യുഎസിലേക്ക് ‘വഴിമാറ്റി’ (ട്രാൻസ്ഷിപ്പ്ഡ്) എത്തിക്കുന്ന ഉൽപന്നങ്ങൾക്ക് ട്രംപ് 40% തീരുവ പ്രഖ്യാപിച്ചത് ഏറ്റവുമധികം തിരിച്ചടിയാവുക ചൈനയ്ക്കായിരിക്കും. ∙ എന്നാൽ രാജ്യതാൽപര്യം ബലികഴിച്ചുള്ള കരാറിന് ഇന്ത്യ വഴങ്ങില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി.
Source link