‘പിരിഞ്ഞുപോയവരെ തിരിച്ചെടുത്ത് വീണ്ടും പിരിച്ചുവിടണോ’; മന്ത്രിസഭായോഗത്തിൽ മസ്ക്–റൂബിയോ കലഹം?

വാഷിങ്ടൻ∙ വൈറ്റ് ഹൗസ് ഉപദേശകൻ ഇലോൺ മസ്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയും തമ്മിൽ തർക്കം ഉടലെടുത്തതായി റിപ്പോർട്ട്. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ കലഹിച്ചതെന്നു യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. തൊഴിൽ നയങ്ങളെയും ജീവനക്കാരെയും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഇലോണ്‍ മസ്ക് അല്ല, വകുപ്പുകളുടെ തലവൻമാരാണെന്ന് ട്രംപ് പറഞ്ഞതായാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ജീവനക്കാരെ റൂബിയോ പിരിച്ചുവിട്ടില്ലെന്നും എണ്ണം വെട്ടിക്കുറയ്ക്കാനുള്ള മസ്കിന്റെ നീക്കത്തെ റൂബിയോ ചെറുത്തുവെന്നതിനെച്ചൊല്ലിയാണ് കലഹമുണ്ടായതെന്ന് ദി ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ 1500 ഓളം ജീവനക്കാർ കാലാവധി പൂർത്തിയാകും മുമ്പ് വിരമിച്ചിരുന്നുവെന്നും ആനുകൂല്യങ്ങൾ കൈപ്പറ്റിയിരുന്നുവെന്നും റൂബിയോയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിരിഞ്ഞുപോയ ജീവനക്കാരെ തിരിച്ചെടുത്ത് വീണ്ടും പിരിച്ചുവിടാൻ മസ്ക് ആഗ്രഹിക്കുന്നുണ്ടോയെന്നും പരിഹാസരൂപേണ റൂബിയോ ചോദിച്ചു.
Source link