WORLD

പീഡിപ്പിച്ചു കൊന്നു; കഷണങ്ങളാക്കി പുഴയിൽ തള്ളി: വാദിയെ പ്രതിയാക്കിയ ഷാബാ ഷെരീഫ് കേസ്


മലപ്പുറം ∙ മൃതദേഹം മരക്കട്ടയിൽ വച്ച് ചെറുകഷണങ്ങളാക്കി അരിഞ്ഞു. പിന്നെ കവറിലാക്കി ചാലിയാറിൽ ഉപേക്ഷിച്ചു. ഒരു തെളിവു പോലും ഇല്ലാതിരുന്നിട്ടും, ഒരു മോഷണക്കേസിന്റെ തുമ്പിൽ കുരുങ്ങി ആ കൊടും കൊലപാതകത്തിന്റെ കഥ പൊലീസിനു മുന്നിലെത്തി. കൊല്ലപ്പെട്ടയാളുടെ മുടിനാരുകളിൽനിന്ന് അന്വേഷണസംഘം കുറ്റകൃത്യത്തിലേക്കും അതു ചെയ്തവരിലേക്കുമെത്തി. ഒരു മോഷണക്കേസിലെ അന്വേഷണമാണ് പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതക കേസിൽ നിർണായകമായത്. മൃതദേഹം കിട്ടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണം. വിചാരണയ്ക്കൊടുവിൽ, മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് വിധി വന്നതിനു പിന്നാലെ മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞത്. എന്നാൽ അപൂർവം മാത്രമല്ല, ദുരൂഹതകളും നാടകീയതയും നിറഞ്ഞതായിരുന്നു ഷാബാ ഷെരീഫിന്റെ കൊലപാതക കേസ്. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ് (37), രണ്ടാം പ്രതിയും ഷൈബിന്റെ മാനേജരുമായ വയനാട് സുൽത്താൻ ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ് (32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.


Source link

Related Articles

Back to top button