തീരദേശ പാതയിൽ 2 കി.മീ. കടൽപാലം വരുന്നു, 12 മീറ്റർ വരെ ഉയരം; മാറി താമസിക്കുന്നതിന് മാത്രം 14.6 ലക്ഷം രൂപ

കൊല്ലം∙ തീരദേശ പാതയിൽ 2 കിലോമീറ്റർ ദൂരത്തിൽ കടൽപാലം വരുന്നു. തങ്കശ്ശേരി ലൈറ്റ് ഹൗസ് മുതൽ തിരുമുല്ലവാരം വരെയാണ് 14 മീറ്റർ വീതിയിൽ കടൽപാലം നിർമിക്കുന്നത്. ബലി തർപ്പണം നടക്കുന്ന സ്ഥലത്തിന്റെ വടക്കുവശം വരെയാണ് കടൽപാലം. കർക്കടക വാവു ബലിതർപ്പണത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലാണ് രൂപരേഖ തയാറാകുന്നത്. ബലിതർപ്പണം നടത്തുന്നവർക്ക് കടലിലേക്ക് ഇറങ്ങുന്ന സ്ഥലത്ത് പാലത്തിനു 3 മീറ്റർ ഉയരം ഉണ്ടാകും. മറ്റു സ്ഥലങ്ങളിൽ 6 മുതൽ 12 മീറ്റർ വരെ ഉയരം. രണ്ടുവരി പാതയാണ് നിർമിക്കുന്നത്. നടപ്പാതയും സൈക്കിൾ ട്രാക്കും ഉണ്ടാകും. 41 കിലോമീറ്റർ നീളം ജില്ലയിൽ 41.1 കിലോമീറ്റർ നീളത്തിൽ 3 റീച്ച് ആയാണ് തീരദേശ പാത നിർമിക്കുന്നത്. കാപ്പിൽ – തങ്കശ്ശേരി (17.6 കിലോമീറ്റർ), തങ്കശ്ശേരി– നീണ്ടകര (7 കിലോമീറ്റർ), ഇടപ്പള്ളിക്കോട്ട – അഴീക്കൽ (ഇടപ്പള്ളിക്കോട്ടയിൽ നിന്നു തിരിഞ്ഞ്, കന്നേറ്റിക്കടവ്, വെള്ളനാതുരുത്ത് വഴി– 16.5 കിലോമീറ്റർ) എന്നിവയാണ് റീച്ചുകൾ. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ നിലവിലുള്ള ദേശീയപാത–66 ലൂടെയാണ് യാത്ര. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ ദേശീയപാതയ്ക്ക് സമാന്തരമായി തീരദേശ പാത നിർമിക്കണമെന്നു കിഫ്ബി നിർദേശം നൽകിയിട്ടുണ്ട്. കെഎംഎംഎലിന്റെ സ്ഥലം കൂടി ഏറ്റെടുത്തു ദേശീയപാതയ്ക്ക് സമാന്തരമായി പാത നിർമിക്കണമെന്നാണ് നിർദേശം. മേഖലയിലെ എംഎൽഎമാരും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതു അടുത്ത ഘട്ടത്തിൽ പരിഗണിച്ചേക്കും.
Source link