INDIA

പേയ്ടിഎം ഓഹരികൾ ഇടിവിൽ; 2.1 കോടി ഓഹരികൾ ‘തിരികെ ഏൽപ്പിച്ച്’ സിഇഒ വിജയ് ശേഖർ ശർമ


ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ പേയ്ടിഎമ്മിന്റെ (Paytm/വൺ97 കമ്യൂണിക്കേഷൻസ്) ഓഹരികൾ‌ ഇന്നു വ്യാപാരം ചെയ്യുന്നത് നഷ്ടത്തോടെ. എൻഎസ്ഇയിൽ (NSE) വ്യാപാരം ഇന്ന് ഉച്ചയ്ക്കത്തെ സെഷനിലേക്ക് അടുക്കവേ ഓഹരിയുള്ളത് 1.42% താഴ്ന്ന് 852.70 രൂപയിൽ. ചെയർമാനും മാനേജിങ് ഡയറക്ടറും സിഇഒയുമായ വിജയ് ശേഖർ ശർമ (Vijay Shekhar Sharma) എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ് പ്ലാൻ (ESOP) പ്രകാരം നേടിയ 2.10 കോടി ഓഹരികൾ കമ്പനിയിൽ തിരികെ ഏൽപ്പിച്ച പശ്ചാത്തലത്തിലാണ് ഓഹരികളുടെ ഇടിവ്.ജീവനക്കാർക്ക് മാത്രം അവകാശപ്പെട്ട ഇഎസ്ഒപി തനിക്കും ലഭിക്കാനായി പ്രൊമോട്ടർ ചട്ടങ്ങളിൽ വീഴ്ച വരുത്തി വിജയ് ശേഖർ ശർമ അനധികൃതമായി ഓഹരികൾ നേടിയെന്ന് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി കണ്ടെത്തുകയും കാരണംകാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തിരുന്നു. ഇഎസ്ഒപിക്ക് അർഹരാകണമെങ്കിൽ കൈവശം 10 ശതമാനത്തിൽ താഴെ ഓഹരി പങ്കാളിത്തമേ പാടുള്ളൂ.ശർമയുടെ നടപടി അറിഞ്ഞിട്ടും തടയാത്തതിന് പേയ്ടിഎം ഡയറക്ടർമാർക്കും സെബി കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഓഹരികൾ തിരികെ നൽതിയത്. ഓഹരികൾ തിരികെ ഏൽപ്പിച്ച അദ്ദേഹത്തിന്റെ നടപടി, കമ്പനിയുടെ ഇഎസ്ഒപി ചെലവിൽ 492 കോടി രൂപയുടെ കുറവു വരുത്തിയതായി പേയ്ടിഎം വ്യക്തമാക്കി. ഭാവിയിലെ ഇഎസ്ഒപി ചെലവുകളിലും ഈ കുറവു പ്രതിഫലിക്കും. നിലവിലെ ഓഹരിവില പ്രകാരം 1,800 കോടിയോളം രൂപയുടെ ഓഹരികളാണ് ശർമ തിരികെ കമ്പനിക്കുതന്നെ നൽകിയത്.


Source link

Related Articles

Back to top button