പേരിലും പ്രകടനത്തിലും ചക്രവർത്തി; വരുൺ പാതി മലയാളി; കുടുംബവേരുകൾ ആലപ്പുഴ ജില്ലയിൽ

ചെന്നൈ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പേരിലും പ്രകടനത്തിലും ചക്രവർത്തിയായ വരുൺ ചക്രവർത്തിയെ കാത്തിരിക്കുകയാണ് അഡയാറിനടുത്ത് കോട്ടൂർപുരത്തുള്ള വീട്ടുകാർ. വരുണിന്റെ പരിശ്രമവും അധ്വാനവും രാജ്യത്തിനു മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണു കുടുംബാംഗങ്ങൾ. ഇന്നു ചെന്നൈയിലെത്തുന്ന വരുണിനെ സ്വീകരിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ വരുണിനു പരുക്കേറ്റിരുന്നു. നാട്ടിലെത്തി പരുക്ക് ഭേദമായാലുടൻ ഐപിഎൽ ക്യാംപിലേക്കു പോകും.മകനെ അടുത്തു കാണാൻ കിട്ടുന്നില്ലെന്ന സ്നേഹപരിഭവം മാത്രമാണു പിതാവും ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ചീഫ് ജനറൽ മാനേജരുമായിരുന്ന സി.വി.വിനോദ് ‘മലയാള മനോരമ’യോടു പങ്കുവച്ചത്. വിനോദിന്റെയും കർണാടക സ്വദേശിനിയായ മാലിനിയുടെയും മകനായ വരുൺ ചെന്നൈയിലാണു വളർന്നതെങ്കിലും പാതി മലയാളിയാണ്. വിനോദിന്റെ അമ്മ വിമല ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനിയാണ്. വിനോദിന്റെ പിതാവും തമിഴ്നാട് സ്വദേശിയുമായ വിറ്റൽ ചക്രവർത്തിയിൽ നിന്നാണ് വരുണിനും ‘ചക്രവർത്തി’ പദവി ലഭിച്ചത്. കാട്ടാംകുളത്തൂരിലെ എസ്ആർഎം സർവകലാശാലയിൽ ആർക്കിടെക്ചർ പഠിച്ച ശേഷം ഫ്രീലാൻസ് ആർക്കിടെക്റ്റായി ജോലി ചെയ്തിരുന്ന വരുൺ, മുത്തശ്ശിയുടെ അടുത്ത ബന്ധുക്കളെ മാവേലിക്കരയിലും കിളിമാനൂരിലും വന്നു സന്ദർശിക്കാറുണ്ട്. വരുണിനു മലയാളം നന്നായി മനസ്സിലാകുമെങ്കിലും സംസാരത്തിൽ വഴങ്ങില്ല.
Source link