പൊളിച്ചെഴുത്ത് പൊളിയാകുമോ? മുന്നിൽ ഇന്ത്യൻ യുവനിര, പിന്നിൽ ദ്രാവിഡും സംഗയും; റോയൽ ആകാൻ ‘സഞ്ജുസ്ഥാൻ’!

മെഗാ ലേലത്തിനും മുൻപേ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ഐപിഎൽ പതിനെട്ടാം അധ്യായത്തിലെ രാജസ്ഥാൻ റോയൽസിന്റെ സംഘബലം. ലേലത്തിനു മുൻപേയുള്ള റീട്ടെൻഷനിൽ ജോസ് ബട്‌ലറുടെ പേരില്ലാതായതോടെയാണു രാജസ്ഥാൻ വാർത്തകളിൽ നിറഞ്ഞത്. ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ 6 താരങ്ങളെ നിലനിർത്തിയിട്ടും ഇംഗ്ലിഷ് ബാറ്ററെ നിലനിർത്താതിരുന്ന റോയൽസിന്റെ ‘പ്ലാനിങ്’ ആരാധകരെയും വിദഗ്ധരെയും വിമർശകരെയും ഒരുപോലെ അമ്പരപ്പിച്ചു. പുതിയ സീസണിലെ ആദ്യമത്സരത്തിനായി ഒരുങ്ങുമ്പോഴും സമീപകാല നിയന്ത്രിത ഓവർ ക്രിക്കറ്റിലെ ഏറ്റവും വിലയേറിയ ബാറ്ററെന്ന ഖ്യാതിയുള്ള ബട്‌ലറെ ഒഴിവാക്കിയതിലെ നിരാശ ആരാധകർ മറച്ചുവയ്ക്കുന്നില്ല. തന്റെ സുഹൃത്തുകൂടിയായ ജോസേട്ടനെ ‘മിസ്’ ചെയ്യുന്നുവെന്ന പരാമർശം ഒടുവിൽ ക്യാപ്റ്റൻ സഞ്ജുവിൽ നിന്നുപോലും കേൾക്കേണ്ടിവന്നു. ബട്‌ലർ മാത്രമല്ല, കഴിഞ്ഞ മൂന്നു സീസണുകളിലായി ടീമിന്റെ കരുത്തായി വിലയിരുത്തിയ അശ്വിൻ–ചെഹൽ സ്പിൻ കൂട്ടുകെട്ടും പൊളിച്ചെഴുതിയാണു പ്രിമിയർ ലീഗിലെ പ്രഥമ കിരീടം ഉയർത്തിയെന്ന പെരുമയുള്ള രാജസ്ഥാൻ റോയൽസിന്റെ ഈ വരവ്. പുതിയ താരങ്ങൾ എങ്ങനെയാകുമെന്ന പ്രതീക്ഷകൾക്കുമപ്പുറം പഴയ താരങ്ങളുടെ അഭാവം ആരു നികത്തുമെന്ന തെല്ലാശങ്കയോടെയാണു രാജസ്ഥാൻ ആരാധകർ പുതിയ സീസണിനെ നോക്കിക്കാണുന്നത്. സഞ്ജുവിന്റെ സംഘമെന്ന കാരണത്താൽ കേരളത്തിന്റെ സ്വന്തം ടീമെന്ന വിശേഷണമുള്ള രാജസ്ഥാൻ റോയൽസിന്റെ കരുത്തും കണക്കുകൂട്ടലുകളും കുറയ്ക്കലുകളും അറിഞ്ഞ് പുത്തൻ ഐപിഎലിനു കണ്ണെറിയാം.
Source link